India - 2025

കടുത്തുരുത്തി പള്ളി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയ പദവിയിലേക്ക്

സ്വന്തം ലേഖകന്‍ 07-01-2020 - Tuesday

കടുത്തുരുത്തി: കോട്ടയം അതിരൂപതയുടെ തലപ്പള്ളിയും തീര്‍ത്ഥാടന കേന്ദ്രവുമായ കടുത്തുരുത്തി സെന്റ്‌ മേരിസ്‌ ഫൊറോന പള്ളി (വലിയപള്ളി) മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയ പദവിയിലേക്ക്. പ്രഖ്യാപനം മൂന്നുനോമ്പ്‌ തിരുനാളില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി നടത്തും. പൗരസ്‌ത്യസഭകളില്‍ ദേവാലയത്തിനു നല്‍കുന്ന ഏറ്റവും വലിയ പദവിയാണ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവി. സീറോ മലബാര്‍ സഭയിലെ ആദ്യത്തെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ആര്‍ച്ച്‌ ഡീക്കന്‍ ദേവാലയം പാലാ രൂപതയിലെ കുറവിലങ്ങാടാണ്. പദവി ലഭിക്കുന്ന രണ്ടാമത്തെ ദേവാലയമായി മാറാന്‍ പോകുകയാണ് കടുത്തുരുത്തി പള്ളി.

മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയ പദവിയിലേക്ക്‌ ഉയര്‍ത്തിയതു സംബന്ധിച്ചുള്ള ഉത്തരവ്‌ സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയത്തില്‍ നിന്നു ലഭിച്ചതായി വികാരി ഫാ. അബ്രാഹം പറമ്പേട്ട്‌ അറിയിച്ചു. എല്ലാ രൂപതയിലും തീര്‍ത്ഥാടക സൗകര്യവും പാരമ്പര്യവുമുള്ള ഒരു ദേവാലയം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയ പദവിയിലേക്ക്‌ ഉയര്‍ത്തുന്നതിന്‌ സഭാ സിനഡ്‌ തീരുമാനം എടുത്തിരുന്നു. ഒരുവര്‍ഷം മുന്‍പ്‌ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌, ഇടവക വികാരി ഫാ. അബ്രാഹം പറമ്പേട്ട്‌ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ ആരംഭിച്ചത്. പ്രഖ്യാപനം ഔദ്യോഗികമായി നടക്കുന്നതോടെ ഇടവക വികാരി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയ വികാരി എന്ന പദവിയിലേക്ക്‌ ഉയര്‍ത്തപ്പെടും.


Related Articles »