Life In Christ - 2025
പോളണ്ടിനെ ഇളക്കി മറിച്ച് രാജാക്കന്മാരുടെ ഘോഷയാത്ര: പ്രസിഡന്‍റ് ഉള്‍പ്പെടെ പതിമൂന്ന് ലക്ഷം പേരുടെ പങ്കാളിത്തം
സ്വന്തം ലേഖകന്‍ 07-01-2020 - Tuesday
വാഴ്സോ: 'അത്ഭുതങ്ങളെ പ്രഘോഷിക്കുവിന്‍' എന്ന മുദ്രാവാക്യവുമായി പൂജ രാജാക്കന്‍മാരുടെ ദിനം എന്നറിയപ്പെടുന്ന ജനുവരി ആറിന് പോളണ്ടിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന പന്ത്രണ്ടാമത് പൂജ രാജാക്കന്മാരുടെ വര്‍ണ്ണശബളമായ പ്രദക്ഷിണങ്ങളില്‍ പങ്കെടുത്തത് പതിമൂന്ന് ലക്ഷം വിശ്വാസികള്‍. തലസ്ഥാന നഗരമായ വാഴ്സോയിലെ പ്രദിക്ഷണത്തില്‍ മാത്രം തൊണ്ണൂറായിരം പേരാണ് പങ്കെടുത്തത്. “ഇന്ന് ബെത്ലഹേമില്‍” (ടുഡേ ഇന്‍ ബെത്ലഹേം) എന്ന പ്രശസ്തമായ കരോള്‍ ഗാനത്തിലെ “അവര്‍ അത്ഭുതങ്ങള്‍ പ്രഘോഷിക്കും” എന്നതായിരുന്നു ഇക്കൊല്ലത്തെ രാജാക്കന്മാരുടെ പ്രദക്ഷിണത്തിന്റെ മുഖ്യ പ്രമേയം.
വാഴ്സോയില്‍ നടന്ന പ്രദക്ഷിണത്തില്‍ പോളിഷ് പ്രസിഡന്റ് ആന്‍ഡ്രസേജ് ഡൂഡയും പങ്കെടുത്തു. നഗരങ്ങളും, പട്ടണങ്ങളും, ഗ്രാമങ്ങളും ഉള്‍പ്പെടെ 872 സ്ഥലങ്ങളിലാണ് ഇക്കൊല്ലത്തെ പൂജ രാജാക്കന്മാരുടെ വര്‍ണ്ണശബളമായ ഘോഷയാത്രകള്‍ നടന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നൂറ്റിഇരുപതിലധികം സ്ഥലങ്ങളില്‍ ഇത്തവണ ഘോഷയാത്ര കൂടുതലായി നടന്നു. രാജ്യത്തിന് പുറത്തുള്ള ഇരുപത്തിയൊന്നോളം സ്ഥലങ്ങളിലും ഇക്കൊല്ലം പ്രദക്ഷിണം നടന്നു.
ക്രിസ്തുവിനെ കണ്ടുമുട്ടാന്‍ ഒരു യാത്ര ആരംഭിക്കേണ്ടതുണ്ടെന്ന് മൂന്ന്‍ രാജാക്കന്‍മാര്‍ നമുക്ക് കാണിച്ചു തരുന്നുവെന്നു പോളിഷ് മെത്രാന്‍ സമിതിയുടെ ഔദ്യോഗിക വക്താവായ ഫാ. റൈടെല്‍-ആന്‍ഡ്രിയാനിക് പറഞ്ഞു. പ്രദക്ഷിണം വഴി ക്രിസ്ത്യന്‍ മൂല്യങ്ങളോടുള്ള തങ്ങളുടെ അടുപ്പത്തെ പോളിഷ് ജനത തുറന്നുകാണിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിസ്തുലയിലെ അത്ഭുതം എന്നറിയപ്പെടുന്ന വാഴ്സോ യുദ്ധത്തിന്റെ നൂറാം വാര്‍ഷികത്തിനും, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ നൂറാം ജന്മ വാര്‍ഷികത്തിനും, കര്‍ദ്ദിനാള്‍ സ്റ്റെഫാന്‍ വിസിന്‍സ്കിയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിനും കൃതജ്ഞത അര്‍പ്പിക്കുവാന്‍ പോളിഷ് ജനതക്ക് ലഭിച്ച അവസരം കൂടിയായിരുന്നു ഇക്കൊല്ലത്തെ പൂജ രാജാക്കന്മാരുടെ പ്രദക്ഷിണം. ദനഹാ തിരുനാള്‍ ദിവസമായ ജനുവരി 6 പൂജ രാജാക്കന്‍മാരുടെ ദിനമെന്നും അറിയപ്പെടുന്നുണ്ട്.