News - 2024

യുക്രൈന്‍ വിമാന അപകടത്തിലും ഓസ്ട്രേലിയയിലെ അഗ്നിബാധയിലും ദുഃഖമറിയിച്ച് പാപ്പ

സ്വന്തം ലേഖകന്‍ 09-01-2020 - Thursday

വത്തിക്കാന്‍ സിറ്റി: ഇറാന്‍റെ തലസ്ഥാന നഗരമായ ടെഹ്റാനു സമീപം ഉണ്ടായ വിമാന അപകടത്തിലും ഓസ്ട്രേലിയയെ ഞെരുക്കി കൊണ്ടിരിക്കുന്ന കാട്ടുതീയിലും ദുഃഖം രേഖപ്പെടുത്തി കൊണ്ട് ഫ്രാന്‍സിസ് പാപ്പ. വിമാനാപകടത്തില്‍ മരണമടഞ്ഞ എല്ലാവരെയും ദൈവികകാരുണ്യത്തിനായി സമര്‍പ്പിക്കുകയും, ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും അനുശോചനം അറിയിക്കുന്നുവെന്നും ദുരന്തത്തിന്‍റെ ക്ലേശങ്ങള്‍ അനുഭവിക്കുന്ന സകലരെയും ദൈവം സമാശ്വസിപ്പിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ സന്ദേശത്തില്‍ കുറിച്ചു ടെഹ്റാനില്‍നിന്നും പറന്നുയര്‍ന്ന യുക്രൈനിന്‍റെ ബോയിങ് 737-800 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 176-പേരാണ് ആകെ മരണമടഞ്ഞത്.

തെക്കു-കിഴക്കന്‍ ഓസ്ട്രേലിയന്‍ തീരങ്ങളെ സാരമായി ബാധിച്ച വരള്‍ച്ചയിലും കാട്ടുതീയിലും ദുഃഖിക്കുന്ന ജനതയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഇന്നലെ ബുധനാഴ്ച വത്തിക്കാനില്‍ സമ്മേളിച്ച പ്രതിവാര പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തില്‍ ഓര്‍മ്മിപ്പിച്ചു. അഗ്നിബാധയുടെ കെടുതികളും അതിനെ തുടര്‍ന്നുണ്ടായ അത്യുഷ്ണവും, വരള്‍ച്ചയും അനുഭവിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും അവരുടെ ചാരത്തു തന്‍റെ ആത്മീയ സാമീപ്യമുണ്ടെന്നും പാപ്പ പ്രസ്താവിച്ചു.


Related Articles »