India - 2024

പാലക്കാട് രൂപത ചാന്‍സലറില്‍ നിന്നും മെത്രാനിലേക്ക്

സ്വന്തം ലേഖകന്‍ 15-01-2020 - Wednesday

പാലക്കാട് രൂപതയുടെ ചാൻസലർ, സെമിനാരിക്കാരുടെയും സമർപ്പിതരുടെയും പ്രത്യേക ഉത്തരവാദിത്തമുള്ള സിഞ്ചെലൂസ് എന്നി നിലകളിൽ പ്രവർത്തിച്ചുവരുകയായിരിന്ന ഫാ. പീറ്റർ കൊച്ചുപുരയ്ക്കലിനെ തേടിയെത്തിയത് പുതിയ ദൌത്യം. 1974-ൽ സ്ഥാപിതമായ പാലക്കാട് രൂപതയുടെ പ്രഥമ സഹായമെത്രാനായാണ് അദ്ദേഹം അഭിഷിക്തനാകുന്നത്. 1964 ൽ പാലാ രൂപതയിലെ മരങ്ങോലിയിലാണ് ജനിച്ചത്. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം വൈദിക പരിശീലനത്തിനായി പാലക്കാട് രൂപത മൈനർ സെമിനാരിയിൽ ചേർന്നു.

ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ നിന്ന് വൈദിക പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിൽ നിന്ന് വൈദിക പട്ടം സ്വീകരിച്ചു. പൗരോഹിത്യ സ്വീകരണത്തിനു ശേഷം രൂപതയിലെ വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും അദ്ദേഹം ശുശ്രൂഷ ചെയ്തു. റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സഭാ നിയമത്തിൽ അദ്ദേഹം ഡോക്ടറേറ്റ് നേടി.

ഉപരിപഠനത്തിനു ശേഷം വിവിധ ഇടവകകളിൽ വികാരിയായും രൂപതാ മൈനർ സെമിനാരി റെക്ടറായും ജുഡീഷ്യൽ വികാരിയായും സേവനം ചെയ്തു. നിലവിൽ ഫാ. പീറ്റർ കൊച്ചുപുരയ്ക്കൽ രൂപതാ ചാൻസലർ, സെമിനാരിക്കാരുടെയും സമർപ്പിതരുടെയും പ്രത്യേക ഉത്തരവാദിത്തമുള്ള സിഞ്ചെലൂസ് എന്നി നിലകളിൽ പ്രവർത്തിച്ചുവരുമ്പോഴാണ് രൂപതയുടെ സഹായമെത്രാനായി നിമിതനാകുന്നത്.

സഭാ നിയമപണ്ഡിതൻ പ്രഭാഷകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന നിയുക്ത മെത്രാൻ ഇംഗ്ലീഷിനു പുറമേ ഇറ്റാലിയൻ ജർമ്മൻ എന്നീ ഭാഷകളും അനായാസം കൈകാര്യം ചെയ്യുന്ന വ്യക്തി കൂടിയാണ്. പുതിയ മെത്രാന്റെ സ്ഥാനാരോഹണ തീയതി പിന്നീട് പ്രഖ്യാപിക്കും.

More Archives >>

Page 1 of 294