India - 2024

പുതിയ മൃതസംസ്‌കാര ഓര്‍ഡിനന്‍സ് മതസ്വാതന്ത്ര്യത്തിനു വെല്ലുവിളി: സീറോ മലബാര്‍ അല്‍മായ ഫോറം

15-01-2020 - Wednesday

കൊച്ചി: മൃതസംസ്‌കാരത്തിനു തടസമാകുന്ന തരത്തില്‍ സമീപകാലത്തുണ്ടായ പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ മൃതസംസ്‌കാര ഓര്‍ഡിനന്‍സ് ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിനു വെല്ലുവിളിയാകുമെന്നു സീറോ മലബാര്‍ അല്മായ ഫോറം ചൂണ്ടിക്കാട്ടി. കത്തോലിക്കാ സഭ ഉള്‍പ്പെടെ ക്രൈസ്തവ വിഭാഗങ്ങള്‍ക്കു പുതിയ നിയമം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. മൃതസംസ്‌കാരത്തെച്ചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ വേദനാജനകമാണ്. താന്‍ വിശ്വസിക്കുന്ന സഭയുടെ സെമിത്തേരിയില്‍ പ്രാര്‍ഥനകളും കീഴ്വഴക്കങ്ങളും ആചരിച്ചുകൊണ്ടു സംസ്‌കരിക്കപ്പെടണമെന്നത് ഏതൊരു വിശ്വാസിയുടെയും അവകാശമാണ്.

അതേസമയം ഇത്തരം സാഹചര്യങ്ങള്‍ മറികടക്കാന്‍ ക്രൈസ്തവ സഭകളെ മുഴുവന്‍ പുതിയ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതു നീതീകരിക്കാനാവില്ല. മൃതസംസ്‌കാരത്തിനു കത്തോലിക്കാസഭയില്‍ നിയതമായ നിയമവ്യവസ്ഥകളുണ്ട്. അതില്‍ തര്‍ക്കങ്ങള്‍ വന്നാല്‍ പരിഹരിക്കുന്നതിനു രാജ്യത്തെ നിയമസംവിധാനങ്ങളുമുള്ളപ്പോള്‍, പുതിയ ഓര്‍ഡിനന്‍സ് ദുരുദ്ദേശ്യപരമാണ്. ചര്‍ച്ച് ആക്ട് പോലുള്ള നിയമങ്ങളുടെ നിര്‍മാണങ്ങള്‍ക്കു വഴിമരുന്നാകുന്ന പുതിയ ഓര്‍ഡിനന്‍സ് പിന്‍വലിക്കണം. തര്‍ക്കങ്ങള്‍ ഉണ്ടാകുന്ന സഭകളിലെ പ്രശ്‌നപരിഹാരത്തിനുതകുന്ന നിയമ നിര്‍മാണമാണ് ആവശ്യമെന്നും അല്മായ ഫോറം സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍ ആവശ്യപ്പെട്ടു.


Related Articles »