India - 2025
അദീലാബാദ് രൂപതയില്‍ ദേവാലയം നിര്‍മ്മിക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസ്
13-01-2020 - Monday
കൊച്ചി: മിഷന്‍ കേന്ദ്രങ്ങളോട് കൂടുതല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി അദീലാബാദ് രൂപതയില്‍ ഒരു ദേവാലയം നിര്‍മിച്ച് നല്‍കാന്‍ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി തീരുമാനിച്ചു. അദീലാബാദ് രൂപതാധ്യക്ഷന്‍ മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടനുമായി, കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ്പ് ലഗേറ്റ് മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍, പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ഡയറക്ടര്‍ ഫാ. ജിയോ കടവി, ഭാരവാഹികളായ അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, പി.ജെ. പാപ്പച്ചന്‍, ഡോ. ജോസ്കുട്ടി ജെ. ഒഴുകയില്‍, ബെന്നി ആന്റണി, തോമസ് പീടികയില്‍, ജോര്‍ജ് കോയിക്കല്‍, ആന്റണി എല്‍. തൊമ്മാന, തൊമ്മി പിടിയത്ത് തുടങ്ങിയവര്‍ ദേവാലയ നിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തി.
ഭാരതത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മിഷന്‍ കേന്ദ്രങ്ങളുമായി കത്തോലിക്ക കോണ്‍ഗ്രസ് കൂടുതല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ പ്രവര്‍ത്തനം ഷംഷാബാദ് രൂപത ഉള്‍പ്പെടെ ഉള്ള മിഷന്‍ രൂപതകളിലേക്കും സജീവമാക്കാനും ഗ്ലോബല്‍ സമിതി തീരുമാനിച്ചു. മിഷന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും അവര്‍ക്ക് സഹായം എത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സമുദായ അംഗങ്ങളെ ബോധ്യപ്പെടുത്തുന്നതിനും മിഷന്‍ കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സമുദായംഗങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനുള്ള അവസരങ്ങള്‍ ഉണ്ടാക്കുന്നതിനും ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും.
കേരളത്തിലെ മിഷന്‍ പ്രവര്‍ത്തനം ഒരു മിഷന്‍ ഞായറിന്റെ സന്ദേശം കൊണ്ട് അവസാനിക്കരുതെന്നും കേരളത്തില്‍ നിന്നു നിരന്തരവും സജീവവുമായ ബന്ധം മിഷന്‍ കേന്ദ്രങ്ങളുമായി സ്ഥാപിക്കാന്‍ സിനഡ് എടുക്കുന്ന ഏതു തീരുമാനത്തോടും കത്തോലിക്ക കോണ്‍ഗ്രസ് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും നേതൃത്വം നല്‍കുകയും ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.