Life In Christ - 2020

24 മണിക്കൂറും സഹായമൊരുക്കി റോമിലെ 'പാവപ്പെട്ടവരുടെ ദേവാലയം' ശ്രദ്ധയാകര്‍ഷിക്കുന്നു

സ്വന്തം ലേഖകന്‍ 24-01-2020 - Friday

റോം: തൊള്ളായിരത്തോളം കത്തോലിക്ക ദേവാലയങ്ങള്‍ റോമിലുണ്ടെങ്കിലും ‘ചര്‍ച്ച് ഓഫ് ദി സ്റ്റിഗ്മാറ്റ ഓഫ് സെന്റ്‌ ഫ്രാന്‍സിസ്’ ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമാണ്. ആഴ്ച മുഴുവനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു എന്ന സവിശേഷതയുമായി തുടങ്ങിയ ദേവാലയത്തില്‍ ഏത് സമയത്തും എത്തുന്ന പാവങ്ങളെ സഹായിക്കുവാന്‍ 8 മുതല്‍ 10 പേരടങ്ങുന്ന സുസജ്ജമായ ഒരു സംഘം ഇടവക വികാരിക്കൊപ്പം തയ്യാറാണെന്നതാണ് ശ്രദ്ധേയമായ വസ്തുത. പാവപ്പെട്ട ഭവനരഹിതര്‍ക്ക് വേണ്ടി ഏതാണ്ട് മുപ്പതോളം പേര്‍ക്ക് താമസിക്കുവാന്‍ കഴിയുന്ന ഡോര്‍മിറ്ററിയും വിശാലമായ ഒരു വിശ്രമമുറിയും, ഇരുനൂറോളം പേര്‍ക്കുള്ള സൗജന്യ പ്രഭാത ഭക്ഷണവും ദേവാലയത്തിന്റെ മാത്രം പ്രത്യേകതയാണ്.

റോമിലെ കര്‍ദ്ദിനാള്‍ വികാരിയായ ആഞ്ചെലോ ഡി ഡൊണാടിസ്, മാഡ്രിഡിലെ കര്‍ദ്ദിനാളായ കാര്‍ലോസ് ഒസോറോ എന്നിവര്‍ ചേര്‍ന്നാണ് ഈ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പ കത്തയച്ചിരുന്നു. അടഞ്ഞുകിടക്കുന്ന ദേവാലയങ്ങള്‍ മ്യൂസിയത്തിന് സമാനമാണെന്ന്‍ പറഞ്ഞുകൊണ്ട് തന്റെ കത്തിലൂടെ പാപ്പ ഈ ഉദ്യമത്തെ അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്തു. പദ്ധതി പാവപ്പെട്ടവര്‍ക്ക് വേണ്ടി മാത്രമുള്ളതല്ലെന്നു ദേവാലയത്തിലെ സന്നദ്ധസേവകരില്‍ ഒരാളായ റോബെര്‍ട്ടാ ഓണ്‍ലൈന്‍ കത്തോലിക്കാ ന്യൂസ് പോര്‍ട്ടലായ ക്രക്സിനോട് വെളിപ്പെടുത്തി.

നിങ്ങള്‍ രാത്രി എപ്പോള്‍ വന്നാലും ആരെങ്കിലും ഇവിടെ പ്രാര്‍ത്ഥിക്കുന്നത് കാണാനാകും, അവരെല്ലാവരും തന്നെ ഭവനരഹിതരല്ല. അവരില്‍ ചിലര്‍ ദൈവത്തെ അന്വേഷിച്ച് വന്നതാണ്. അവര്‍ക്കിവിടെ ദൈവത്തെ കാണുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഒന്നുമില്ലെങ്കിലും പുഞ്ചിരിക്കുന്ന മുഖത്തോടെ ആശ്വാസ വാക്കുകള്‍ പറയുന്ന ആരെയെങ്കിലും അവര്‍ക്കിവിടെ കാണുവാന്‍ സാധിക്കും. റോബെര്‍ട്ടാ കൂട്ടിച്ചേര്‍ത്തു. വൈകിയ വേളകളില്‍ വരുന്നവരെല്ലാം വിശ്രമിക്കാന്‍ വേണ്ടി വരുന്നവരല്ലെന്നും പ്രാര്‍ത്ഥിക്കാന്‍ വേണ്ടി വരുന്നവരുണ്ടെന്നുമാണ് പദ്ധതിക്ക് ചുക്കാന്‍ പിടിച്ച ഫാ. ഗാര്‍ഷ്യയും പറയുന്നു.

സമൂഹത്തിലുള്ള എല്ലാവരും തന്നെ രോഗം ബാധിച്ചവരല്ലെന്നതിന്റെ കാണപ്പെട്ട അടയാളമാണ് ഇത്തരം പദ്ധതികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാന്തിയോണും, പിയാസ നവോനാക്ക് സമീപം റോമിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ദേവാലയം നടത്തിവരുന്നത് ഫാ. ഏഞ്ചല്‍ ഗാര്‍ഷ്യ 1962-ല്‍ സ്ഥാപിച്ച സ്പാനിഷ് കത്തോലിക്കാ സന്നദ്ധ സംഘടനയായ ‘മെന്‍സാജെറോസ് ഡെ ലാ പാസ്’ (സമാധാനത്തിന്റെ സന്ദേശവാഹകര്‍) ആണ്. ഭവനരഹിതരായ റോമിലെ ദരിദ്രര്‍ക്ക് പുതിയ പ്രത്യാശ പകരുകയാണ് ‘ചര്‍ച്ച് ഓഫ് ദി സ്റ്റിഗ്മാറ്റ ഓഫ് സെന്റ്‌ ഫ്രാന്‍സിസ്’.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »