News - 2024
സൗധങ്ങൾക്കുള്ളിൽ അടഞ്ഞു കിടക്കുന്നതല്ല, പാവങ്ങളെ ശ്രവിക്കുന്ന രാഷ്ട്രീയമാണ് നമ്മുക്ക് ആവശ്യം: ഫ്രാൻസിസ് പാപ്പ
പ്രവാചകശബ്ദം 20-03-2023 - Monday
വത്തിക്കാന്‍ സിറ്റി: സൗധങ്ങൾക്കുള്ളിൽ അടഞ്ഞുകിടക്കുന്നതല്ല മറിച്ച്, യാഥാർത്ഥ്യത്തെ ശ്രവിക്കുന്ന പാവങ്ങളെ കേൾക്കുന്ന ഒരു രാഷ്ട്രീയമാണ് നമുക്ക് ആവശ്യമെന്ന് ഫ്രാൻസിസ് പാപ്പ. ഇറ്റലിയിലെ കത്തോലിക്ക സഭയുടെ കീഴിലുള്ള “പ്രൊജേത്തൊ പോളികോറൊ” എന്ന പേരിലുള്ള പദ്ധതിയിൽ അംഗങ്ങളായ യുവതീയുവാക്കളടങ്ങിയ നൂറ്റമ്പതോളം പേരുടെ ഒരു സംഘത്തെ ഇക്കഴിഞ്ഞ ശനിയാഴ്‌ച (18/03/23) വത്തിക്കാനിൽ സ്വീകരിച്ചു സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ഇന്ന്, രാഷ്ട്രീയത്തിന്, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ സൽപ്പേരില്ലെന്നും അഴിമതി, കാര്യക്ഷമതയില്ലായ്മ, ജനജീവിതത്തിൽ നിന്നുള്ള അകൽച്ച എന്നിങ്ങനെ പല കാരണങ്ങള്‍ ഉണ്ടെന്നും പാപ്പ പറഞ്ഞു.
എന്റെ തൊഴിലിൽ ഞാൻ എത്രമാത്രം സ്നേഹം ചേർത്തിട്ടുണ്ട്? ഞാൻ എന്തു വളർച്ചയാണ് ജനങ്ങൾക്കുണ്ടാക്കിയത്? സമൂഹത്തിന്റെ ജീവിതത്തിൽ ഞാൻ എന്ത് മുദ്രയാണ് പതിച്ചത്? ഞാൻ എന്ത് യഥാർത്ഥ ബന്ധങ്ങളാണ് സൃഷ്ടിച്ചത്?ഞാൻ എത്രമാത്രം സാമൂഹിക സമാധാനം വിതച്ചു? എന്നെ ഭരമേൽപ്പിച്ച സ്ഥലത്ത് ഞാൻ എന്താണ് ഉളവാക്കിയത്? എല്ലാ ഉത്തമ രാഷ്ട്രീയ പ്രവർത്തകരും സ്വയം ചോദിക്കേണ്ട ചോദ്യങ്ങളാണ് ഇതെന്ന് പാപ്പ പറഞ്ഞു.
രാഷ്ട്രീയക്കാരുടെ താൽപര്യം തെരഞ്ഞെടുപ്പു വിജയമോ വ്യക്തിപരമായ നേട്ടമോ ആയിരിക്കരുത്. മറിച്ച്, ആളുകളെ ഉൾപ്പെടുത്തുക, സംരംഭകത്വം സൃഷ്ടിക്കുക, സ്വപ്നങ്ങൾ പൂവണിയിക്കുക, ഒരു സമൂഹത്തിൽ അംഗമായിരിക്കുന്നതിൻറെ മനോഹാരിത ജനങ്ങൾക്ക് അനുഭവവേദ്യമാക്കുക എന്നിവയായിരിക്കണമെന്ന് പാപ്പ ഓർമ്മിപ്പിച്ചു. സമാധാനത്തിനായുള്ള പരിശീലനം അന്തർലീനമായിരിക്കുന്ന ഒരു നയപമാണ് ആവശ്യമെന്നും അത് സകലരുടെയും ഉത്തരവാദിത്വമാണെന്നും പാപ്പ ഓർമ്മിപ്പിച്ചു.