Life In Christ - 2025
13 വർഷം ജയിലിൽ കിടന്ന ചൈനീസ് കത്തോലിക്ക മെത്രാന് രണ്ടാഴ്ചത്തേക്ക് മോചനം
സ്വന്തം ലേഖകന്‍ 24-01-2020 - Friday
ബെയ്ജിംഗ്: ചൈനയിലെ ഭൂഗര്‍ഭ സഭയില്‍ പ്രവര്‍ത്തിച്ചതിന് പതിമൂന്ന് വർഷം ജയിലിൽ കിടന്ന കത്തോലിക്ക മെത്രാന് രണ്ടാഴ്ചത്തേക്ക് മോചനം അനുവദിച്ചു. ഇതിനു ശേഷം വീണ്ടും അദ്ദേഹം ഏകാന്തവാസം നയിക്കണം. സുവാൻഹുവ രൂപതയുടെ മെത്രാനായ അഗസ്റ്റീനോ സീയി തായിയെയാണ് ചൈനയുടെ ന്യൂ ഇയർ ആഘോഷങ്ങൾക്കിടയിൽ പരോള്‍ അനുവദിച്ചിരിക്കുന്നത്. ആഘോഷങ്ങൾക്ക് ഒടുവിൽ ഫെബ്രുവരി എട്ടാം തീയതി അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്യും. തുടര്‍ന്നു അദ്ദേഹം ഏകാന്തവാസം നയിക്കണമെന്നാണ് അധികാരികള്‍ നിര്‍ദേശിച്ചിരിക്കുന്നത്. 69 വയസ്സുകാരനായ അഗസ്റ്റീനോ സീയി തായി ചൈനയിലെ രഹസ്യ സഭയുടെ മെത്രാനാണ്. 2007 ലാണ് കമ്മ്യൂണിസ്റ്റ് സർക്കാർ അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കുന്നത്.
വത്തിക്കാൻ ഔദ്യോഗികമായി നിയമിച്ചതാണെങ്കിലും, അഗസ്റ്റീനോയെ മെത്രാനായി അംഗീകരിക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാർ കൂട്ടാക്കിയില്ല. ജയിലിലായിരുന്ന കാലഘട്ടത്തിൽ ലേബർ ക്യാമ്പുകളിലടക്കം അദ്ദേഹം ജോലി ചെയ്യാൻ നിർബന്ധിതനായിട്ടുണ്ട്. വത്തിക്കാൻ- ചൈന കരാറിനെതിരെ ശക്തമായ പ്രതികരണം നടത്തിയിട്ടുള്ള മെത്രാൻ കൂടിയാണ് സീയി തായി. അദ്ദേഹത്തിൻറെ ശക്തമായ നിലപാടുകളെ ഹോങ്കോങ് കർദ്ദിനാളായ ജോസഫ് സെൻ അഭിനന്ദിച്ച ചരിത്രവുമുണ്ട്. ജയിൽ മോചിതനാകുന്ന ഏതാനും ദിവസങ്ങൾ അഗസ്റ്റീനോ തായി അദ്ദേഹത്തിന്റെ മൂത്ത സഹോദരിയുടെ കൂടെ ചെലവഴിക്കുമെന്നാണ് സൂചന.
നിലവില്‍ ചൈനയിലെ ഔദ്യോഗിക സഭ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന സമൂഹമാണ്. മെത്രാന്‍ നിയമനം മാര്‍പാപ്പയുടെ അംഗീകാരത്തിനു കീഴിലല്ലാത്തതിനാല്‍ വത്തിക്കാന്‍ ഇത് അംഗീകരിക്കുന്നില്ല. എന്നാല്‍ 2018 സെപ്റ്റംബറില്‍ മെത്രാന്‍ നിയമനം സംബന്ധിച്ചു വത്തിക്കാന്‍-ചൈന കരാറില്‍ ഒപ്പുവെച്ചിരിന്നു. എന്നാല്‍ നാളിതുവരെ രാജ്യത്തെ കത്തോലിക്ക വിശ്വാസികള്‍ക്ക് കരാര്‍ ഫലം ചെയ്തിട്ടില്ല. ചൈനയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സമൂഹങ്ങള്‍, മാര്‍പാപ്പയുടെ അപ്രമാദിത്വത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ട്. ഇവരെ സര്‍ക്കാര്‍ വിരുദ്ധരായി കണക്കാക്കുന്നതിനാല്‍ ഭൂഗര്‍ഭ അറകളിലാണ് വിശ്വാസികളില്‍ നല്ലൊരു പങ്കും ആരാധന നടത്തുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക