Life In Christ - 2024

ഇറാനില്‍ മതസ്വാതന്ത്ര്യം കടലാസില്‍ മാത്രം: ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന് തടവ് ശിക്ഷ

സ്വന്തം ലേഖകന്‍ 26-01-2020 - Sunday

ടെഹ്‌റാന്‍: ഭരണഘടനയില്‍ മതസ്വാതന്ത്ര്യം ഉറപ്പ് നല്‍കിയിട്ടുള്ള ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച അറുപത്തിയഞ്ച് വയസ്സുള്ള വയോധികന് തടവുശിക്ഷ. ഇസ്ലാം മതം ഉപേക്ഷിച്ച് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച ഇസ്മായില്‍ മഗ്രീബിനെജാദിനാണ് മൂന്നു വര്‍ഷം തടവും 10 കോടി ടോമന്‍സ് (USD 9,000) ജാമ്യ തുകയും കെട്ടിവെയ്ക്കുവാനും ഷിറാസിലെ സിവില്‍ കോടതി വിധിച്ചത്. രാഷ്ട്രത്തിനും ഭരണകൂടത്തിനുമെതിരായി പ്രവര്‍ത്തിച്ചു എന്ന കുറ്റത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ജനുവരി 25-നാണ് ഇസ്മായില്‍ അറസ്റ്റിലാവുന്നത്. ഇസ്മായിലിന് വേണ്ടി പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ടുകൊണ്ട് ഇറാനിലെ ക്രിസ്ത്യന്‍ സമൂഹം രംഗത്തെത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ജാമ്യത്തുക സുഹൃത്തുക്കളാണ് സംഘടിപ്പിച്ച് നല്‍കിയത്.

ഒക്ടോബര്‍ 22-ല്‍ നടന്ന വിചാരണയില്‍ ‘മത പരിത്യാഗം’ കുറ്റം കൂടി ചുമത്തുകയും, 1 കോടി ടോമന്‍സായിരുന്ന ജാമ്യത്തുക 10 കോടി ടോമന്‍സായി ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ നവംബറില്‍ നടന്ന വിചാരണയില്‍ ‘മത പരിത്യാഗ’ കുറ്റം ഒഴിവാക്കി. ഇക്കഴിഞ്ഞ ജനുവരി 8-ന് ഷിറാസിലെ സിവില്‍ കോടതിയുടെ 105-മത്തെ ശാഖയില്‍ പുതിയ ജഡ്ജിയുടെ സാന്നിധ്യത്തില്‍ നടന്ന വിചാരണയിലാണ് ശിക്ഷ വിധിക്കപ്പെട്ടത്. ഓണ്‍ലൈനിലൂടെ ഇസ്ലാമിക വിശ്വാസത്തെ അവഹേളിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്തു എന്നാരോപിച്ചാണ് പുതിയ ശിക്ഷ. ഫോണില്‍ ആരോ പങ്കുവെച്ച, ഇറാനില്‍ ഭരണത്തിലിരിക്കുന്ന പുരോഹിത വര്‍ഗ്ഗത്തെ വിമര്‍ശിക്കുന്ന ഒരു പോസ്റ്റ്‌ ഫോര്‍വേര്‍ഡ് ചെയ്തതിന്റെ പേരിലായിരുന്നു ഈ ആസൂത്രിതമായ വിചാരണ.

വിചാരണക്ക് ശേഷം ഇസ്ലാമിക് പീനല്‍ കോഡ് ആര്‍ട്ടിക്കിള്‍ 513 അനുസരിച്ച് ശിക്ഷ വിധിച്ചു. വിശ്വാസ പരിത്യാഗമുള്‍പ്പെടെ ഇസ്മായിലിന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം തന്നെ ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള അദ്ദേഹത്തിന്റെ പരിവര്‍ത്തനവുമായി ബന്ധപ്പെട്ടതാണെന്നും, ഒരു സാധാരണ ഇറാന്‍ പൗരന്‍ നിത്യവും ചെയ്യുന്ന സാധാരണ കാര്യം ഇസ്മായില്‍ ചെയ്തപ്പോള്‍ കുറ്റമായതിന്റെ കാരണം ഇതാണെന്നും ആര്‍ട്ടിക്കിള്‍ 18 എന്ന സന്നദ്ധ സംഘടനയിലെ മന്‍സൂര്‍ ബോര്‍ജി വെളിപ്പെടുത്തി. മതസ്വാതന്ത്ര്യം ഇറാന്റെ ഭരണഘടനയില്‍ മാത്രമാണെന്നതിന്റെ നേര്‍സാക്ഷ്യമാണ് ഇസ്മായില്‍ മഗ്രീബിനെജാദ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »