News - 2025
ജീവിതം മുഴുവൻ ദിവ്യകാരുണ്യത്തോട് ചേർന്നിരിക്കണം: കൃതജ്ഞതാ ബലിയില്‍ കര്‍ദ്ദിനാള്‍ ടാഗിള്‍
സ്വന്തം ലേഖകന്‍ 29-01-2020 - Wednesday
മനില: ജീവിതം മുഴുവൻ ദിവ്യകാരുണ്യത്തോട് ചേർന്നിരിക്കുന്നതാവണമെന്നും നാം ചെയ്യുന്ന എല്ലാ പ്രവർത്തികളും ദൈവനാമത്തിലായിരിക്കണമെന്നും സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായി നിയമിതനായ ആർച്ച് ബിഷപ്പ് ലൂയിസ് അന്റോണിയോ ടാഗിള്‍. കഴിഞ്ഞ ദിവസം മനില കത്തീഡ്രൽ ദേവാലയത്തിൽ കൃതജ്ഞത ബലിയര്‍പ്പിച്ച് വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എപ്പോഴും ദൈവത്തിനു നന്ദി പറയുക. ദൈവത്തിന്റെ പദ്ധതികൾ നമ്മുടെ പദ്ധതികളല്ല, പക്ഷേ അവൻ നല്ലവനാണെന്നും അവിടുത്തെ കാരുണ്യം എന്നേയ്ക്കും നിലനിൽക്കുന്നു എന്നും വിശ്വസിക്കുക. തന്റെ ശരീരവും മനസ്സും പൂര്‍ണ്ണമായും ദൈവത്തിന് അടിയറവ് വെച്ചുകൊണ്ട് നന്ദി പ്രകാശിപ്പിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
മനിലയിലെ അമലോത്ഭവ മാതാവിന്റെ കത്തീഡ്രലിൽ അർപ്പിച്ച വിശുദ്ധ കുർബാനയിൽ രണ്ടായിരത്തോളം വിശ്വാസികൾ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കുന്ന തൊണ്ണൂറോളം ബിഷപ്പുമാരും ചടങ്ങില്‍ ഭാഗഭാക്കായി. 2011 ഡിസംബർ മാസത്തിലാണ് മനില ആർച്ച് ബിഷപ്പായി ടാഗിള്‍ ഉയര്‍ത്തപ്പെട്ടത്. പിറ്റേവര്‍ഷം ബനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാള്‍ പദവിയിലേക്ക് ഉയർത്തി. ഇക്കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ഫ്രാന്‍സിസ് പാപ്പയാണ് സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായി കര്‍ദ്ദിനാള്‍ ടാഗിളിനെ ഉയര്‍ത്തിയത്. ഏതാനും ദിവസങ്ങൾക്കകം അദ്ദേഹം പുതിയ ദൌത്യം ഏറ്റെടുക്കും.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക