India - 2024

കർഷക പ്രശ്നം പരിഹരിക്കാൻ ഇടപെടുമെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി തലശ്ശേരി അതിരൂപത

30-01-2020 - Thursday

കണ്ണൂർ: കർഷകരുടെ ആവശ്യങ്ങൾ പരിഹരിക്കാൻ സർക്കാർ സത്വരമായി ഇടപെടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകിയതായി മുഖ്യമന്ത്രിയെ സന്ദർശിച്ച തലശ്ശേരി അതിരൂപതാ സംഘം. ഉത്തര മലബാർ കർഷകപ്രക്ഷോഭത്തിൽ ഉയർത്തിയ ആവശ്യങ്ങളുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട്, സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി, പ്രക്ഷോഭസമിതി കൺവീനർ ഫാ. മാത്യു ആശാരിപ്പറമ്പിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ എന്നിവരാണു മുഖ്യമന്ത്രിയെ കണ്ടത്. വനംമന്ത്രി കെ.രാജു, കൃഷിമന്ത്രി വി.എസ്.സുനിൽ കുമാർ, റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ എന്നിവരുമായും ചർച്ച നടത്തി. കൃഷിഭൂമിയിൽ നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള അവകാശം കർഷകർക്കു നൽകാൻ സ്റ്റേറ്റ് വൈൽഡ് ലൈഫ് ബോർഡ് നടപടി തുടങ്ങിയതായി വനംമന്ത്രി പറഞ്ഞതായും സംഘം അറിയിച്ചു.

വന്യജീവിസങ്കേതങ്ങളുടെ അതിർത്തി മുതൽ ഒരു കിലോമീറ്റർ ഭാഗം പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചത് കർഷകർക്കു ദോഷമാവുമെന്ന് ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. എന്നാൽ കർഷകരുടെ ഒരു സെന്റ് ഭൂമിയെപ്പോലും ബാധിക്കാത്ത വിധത്തിൽ മാത്രമേ നിയമം നടപ്പാക്കൂ എന്നു വനംമന്ത്രി ഉറപ്പു നൽകി. കാർഷിക കടങ്ങളുടെ അധികപലിശ എഴുതിത്തള്ളാൻ 240 കോടി രൂപ നീക്കിവയ്ക്കുമെന്നും മന്ത്രിമാർ പറഞ്ഞു. കർഷകരെ വിള ഇൻഷുറൻസിൽ പങ്കാളികളാക്കാനുള്ള സർക്കാർ പദ്ധതിയുമായി സഹകരിക്കുമെന്ന് അതിരൂപതാസംഘം ഉറപ്പു നൽകി. എംഎൽഎമാരായ കെ.സി.ജോസഫ്, ജയിംസ് മാത്യു, സണ്ണി ജോസഫ്, എ.എൻ.ഷംസീർ എന്നിവരും മന്ത്രിമാരുമായുള്ള ചർച്ചയിൽ പങ്കെടുത്തു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »