News - 2024

ദയാവധ നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ ശ്രമം: പുനഃപരിശോധന ആവശ്യപ്പെട്ട് കനേഡിയന്‍ മെത്രാന്മാര്‍

സ്വന്തം ലേഖകന്‍ 05-02-2020 - Wednesday

ടോറന്‍റോ: ദയാവധ നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ സർക്കാർ പദ്ധതിയിടുന്നതിനിടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കു പുനഃപരിശോധന ആവശ്യപ്പെട്ട് കനേഡിയൻ മെത്രാൻ സമിതി. കൂടുതൽ സമഗ്രവും, നിഷ്പക്ഷവുമായ, സമ്പൂർണവുമായ പഠനം നടത്തിയിട്ട് മാത്രമേ ദയാവധ നിയമത്തിൽ മാറ്റം കൊണ്ടുവരാൻ പാടുള്ളൂവെന്ന് മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച് ബിഷപ്പ് റിച്ചാർഡ് ഗഗ്നോൺ കത്തിലൂടെ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. സാമൂഹ്യവും വൈദ്യശാസ്ത്രപരവും ധാർമികവുമായ വസ്തുതകൾ പരിശോധിക്കുന്നതിനായി നിയമനിർമ്മാണം വൈകിപ്പിക്കണമെന്നും ആർച്ച് ബിഷപ്പ് റിച്ചാർഡ് ഗഗ്നോൺ ആവശ്യപ്പെട്ടു.

മന്ത്രിസഭയിലെ മൂന്ന് അംഗങ്ങൾക്കും, മറ്റ് നാല് പാർട്ടികളുടെ നേതാക്കന്മാർക്കും ജസ്റ്റിൻ ട്രൂഡോയോടൊപ്പം മെത്രാൻ സമിതി അധ്യക്ഷൻ കത്തയച്ചിട്ടുണ്ട്. ദയാവധ പരിധിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെയും, മാനസിക പ്രശ്നങ്ങൾ നേരിടുന്നവരെയും, ഓർമ്മ നഷ്ടപ്പെട്ടവരെയും ഉൾപെടുത്താൻ നടത്തുന്ന ശ്രമങ്ങൾ ഇപ്പോഴുള്ള നിയമത്തിന്റെ പഴുതിലേക്ക് വിരൽ ചൂണ്ടുന്നുവെന്നും ആർച്ച് ബിഷപ്പ് ഗഗ്നോൺ കത്തിൽ സൂചിപ്പിച്ചു. മാരക രോഗങ്ങളുള്ളവരെയും, മരണം കാത്തു കിടക്കുന്നവരെയും മാത്രമല്ല മറ്റുള്ളവരെയും ദയാവധ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് ക്യുബക്കിലെ ഏറ്റവും വലിയ വിചാരണകോടതി സെപ്റ്റംബർ മാസം ഉത്തരവിട്ടിരുന്നു.

തീരുമാനത്തിനെതിരെ അപ്പീൽ പോകാൻ സർക്കാർ തയ്യാറായില്ല. അതിനാൽ തന്നെ നിയമം മാർച്ച് മാസം പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. അടുത്തിടെ ദയാവധ നിയമത്തെ സംബന്ധിച്ച ജനങ്ങളുടെ അഭിപ്രായമറിയാൻ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് ഏതാനും ചോദ്യങ്ങൾ നൽകിയിരുന്നു. സർക്കാരിന്റെ ഈ നടപടിയെയും ആർച്ച് ബിഷപ്പ് വിമർശിച്ചു. ജീവനും മരണവും സംബന്ധിച്ച ഒരു ധാർമിക പ്രശ്നം ജനഹിതപരിശോധനയിലൂടെയല്ല നിശ്ചയിക്കപെടേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


Related Articles »