Life In Christ - 2025
കൊറോണയുടെ പിടിയിലമരുമ്പോഴും ചൈനയില്‍ ക്രൈസ്തവ പീഡനം രൂക്ഷം
സ്വന്തം ലേഖകന്‍ 05-02-2020 - Wednesday
ബെയ്ജിംഗ്: കൊറോണയുടെ പിടിയിലമരുമ്പോഴും ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ക്രൈസ്തവ വിരുദ്ധ പീഡനത്തില്‍ കുറവില്ലെന്ന് വ്യക്തമാക്കി പുതിയ റിപ്പോര്‍ട്ട്. ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നടപടികളുടെ ഭാഗമായി ചില മേഖലകളില്‍ ക്രിസ്ത്യന്‍ മൃതസംസ്കാര ചടങ്ങുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്രീകൃത മൃതസംസ്കാര ക്രമീകരണത്തിന്റെ ഭാഗമായി കിഴക്കന്‍ പ്രവിശ്യയായ സിജിയാങ്ങില്‍ നടപ്പിലാക്കിയ നിയമങ്ങള്‍ പ്രകാരം ദേവാലയങ്ങള്‍ക്ക് പുറത്തുള്ള അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ വൈദികര്‍ക്ക് അനുവാദമില്ലായെന്നാണ് 'യുസിഎ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നത്.
മരണവുമായി ബന്ധപ്പെട്ട് ഭവനങ്ങളില്‍ നടക്കുന്ന കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ വൈദികര്‍ക്ക് കഴിയുകയില്ലെന്നും, മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളില്‍ പത്തു പേര്‍ക്ക് മാത്രമേ വിശുദ്ധ ലിഖിതങ്ങള്‍ വായിക്കുവാനും താഴ്ന്ന ശബ്ദത്തില്‍ പാട്ട് പാടുവാനും സാധിക്കുകയുള്ളുവെന്നും വെന്‍ഷൂ രൂപതയിലെ ഹേനാന്‍ ഇടവക വികാരിയായ ഫാ. ഗുവോ യു.സി.എ ന്യൂസിനോട് വെളിപ്പെടുത്തി. ദേവാലയത്തിനു പുറത്തുള്ള പ്രവര്‍ത്തനങ്ങളെ നിയമം വഴി ശക്തമായി വിലക്കിയിരിക്കുകയാണെന്നും, ഗ്രാമ പ്രദേശങ്ങളില്‍ വിശ്വാസികളുടെ വീടുകളില്‍ സന്ദര്‍ശനം നടത്താമെങ്കിലും, പ്രാര്‍ത്ഥനപോലെ വിശ്വാസപരമായ കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ വൈദികര്‍ക്ക് അനുവാദമില്ലെന്നും സര്‍ക്കാര്‍ അംഗീകൃത പാട്രിയോട്ടിക് സഭയില്‍ ശുശ്രൂഷ ചെയ്യുന്ന അദ്ദേഹം വെളിപ്പെടുത്തി.
നിയമങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്നാണ് ഉത്തരവ്. വീഴ്ച വരുത്തിയാല്‍ ദേവാലയത്തിന്റെ അടച്ചുപൂട്ടല്‍, പൗരോഹിത്യ സര്‍ട്ടിഫിക്കറ്റിന്റെ റദ്ദാക്കല്‍, പുരോഹിതനെ വീട്ടിലേക്ക് മടക്കി അയക്കല്‍ തുടങ്ങിയ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരും. ഒരു പുരോഹിതനായിരിക്കുവാന്‍ തന്നെ ഭരണകൂടം അനുവദിക്കുന്നില്ലെന്നും, ഇത്തരം നടപടി തുടര്‍ന്നാല്‍ താന്‍ സര്‍ക്കാര്‍ അംഗീകാരമില്ലാത്ത അധോസഭയുടെ ഭാഗമായി തീരുമെന്നും ഫാ. ഗുവോ പറയുന്നു. കമ്മ്യൂണിസ്റ്റുകള്‍ മരിക്കുമ്പോള്‍ ഓര്‍മ്മയാചാരണവും മറ്റ് ചടങ്ങുകളും നടത്തുന്നുണ്ടെന്നും എന്തുകൊണ്ട് ഇത് കത്തോലിക്കര്‍ക്ക് നിഷേധിക്കുന്നുവെന്നും ഫാ. ഗുവോ ചോദിക്കുന്നു.
മൃതസംസ്കാരവുമായി ബന്ധപ്പെട്ട ആചാര രീതികള്‍ അവസാനിപ്പിക്കുന്നതിനും, ശാസ്ത്രീയവും, ആധുനികവുമായ ശവസംസ്കാര രീതി നടപ്പിലാക്കുന്നതിനുമാണ് പുതിയ നിയമം ലക്ഷ്യം വെക്കുന്നതെന്നാണ് ബന്ധപ്പെട്ട അധികാരികള്‍ പറയുന്നതെങ്കിലും, ക്രിസ്തീയ വിശ്വാസത്തെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗം തന്നെയാണിതെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക