News - 2025
റുവാണ്ടയില്‍ ജയിലിന്റെ സ്ഥാനത്ത് ക്രൈസ്തവ ദേവാലയം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍ 05-02-2020 - Wednesday
കിബേഹോ: തടവുകാരില്ലാതെ ഒഴിഞ്ഞു കിടക്കുന്ന ജയിലിന്റെ സ്ഥാനത്ത് രാജ്യത്തെ ഏറ്റവും വലിയ കത്തോലിക്കാ ദേവാലയം പണിയുവാന്‍ റുവാണ്ടന്‍ സര്‍ക്കാരും കത്തോലിക്ക സഭയും പദ്ധതിയിടുന്നു. റുവാണ്ടയുടെ തലസ്ഥാന നഗരമായ കിഗാലിയിലെ സെന്‍ട്രല്‍ ബിസിനസ് ജില്ലയില്‍ 5.5 ഏക്കര്‍ നിലത്ത് സ്ഥിതി ചെയ്യുന്ന ന്യാരുഗെങ്ങെ ജയില്‍ വളപ്പിലാണ് പുതിയ കത്തോലിക്ക ദേവാലയം പണിയുവാന്‍ പദ്ധതിയിട്ടിരിക്കുന്നത്. കിഗാലിയിലെ ഇപ്പോഴത്തെ കത്തോലിക്കാ ദേവാലയമായ സെന്റ് മൈക്കേല്‍ ദേവാലയം സ്ഥിതിചെയ്യുന്നത് സ്റ്റേറ്റ് ഹൗസിനടുത്താണ്. സുരക്ഷാ കാരണങ്ങളാല്‍ സ്റ്റേറ്റ് ഹൗസിനടുത്തുള്ള മറ്റ് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റികൊണ്ടിരിക്കുന്നതും, നിലവിലെ കത്തോലിക്കാ ദേവാലയത്തിലെ സ്ഥലപരിമിതിയും കണക്കിലെടുത്താണ് പുതിയ ദേവാലയം നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചത്.
റുവാണ്ടയുടെ ദക്ഷിണ പ്രവിശ്യയായ കിബേഹോയിൽ ലോകത്തെ ഏറ്റവും വലിയ ബസിലിക്ക നിര്‍മ്മിക്കുവാന്‍ ജനുവരി ആദ്യവാരത്തില്‍ സഭ തീരുമാനമെടുത്തിരിന്നു. ഇതിന് പിന്നാലെയാണ് അടുത്ത തീരുമാനവും. 1930-ല്‍ പണികഴിപ്പിച്ച ന്യാരുഗെങ്ങെ ജയില്‍ രാജ്യത്തെ ഏറ്റവും പഴക്കമേറിയ ജയിലുകളില്‍ ഒന്നാണ്. കാര്യമായ പഴക്കത്തെ തുടര്‍ന്നു തടവുകാരെ മറ്റൊരു ജയിലിലേക്ക് മാറ്റിപ്പാര്‍പ്പിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. 2018 ജൂലൈ മാസത്തിലാണ് ചരിത്രത്തിന്റെ ഭാഗമായ ഈ ജയിലില്‍ നിന്നും തടവുകാരുടെ അവസാന ബാച്ചിനെ മാറ്റിയത്. കിഗാലി അതിരൂപതയുടെ ഇരിപ്പിടം കൂടിയായ സെന്റ് മൈക്കേല്‍സ് കത്തീഡ്രലിനും പഴക്കമേറെയാണ്.
ഭൂമി സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞുവെന്നും ദേവാലയത്തിന്റെ നിര്‍മ്മാണം സഭയുടെ ഉത്തരവാദിത്തമാണെന്നും റുവാണ്ടയിലെ ഡിവൈന്‍ മേഴ്സി സാങ്ച്വറിയുടെ റെക്ടറായ ഫാ. ജീന്‍ പിയറെ സാബിമാന പറയുന്നു. ജയില്‍ വളപ്പില്‍ പുതിയ കത്തീഡ്രല്‍ വരുന്നതില്‍ പ്രദേശവാസികള്‍ ആഹ്ലാദത്തിലാണെന്നു കിഗാലിയിലെ റെജിന ഇടവക വികാരിയായ ഫാ. ജോണ്‍ ബോസ്കോ ന്ണ്ടാഗുങ്ങിര പറഞ്ഞു. റുവാണ്ടയിലെ ദേവാലയങ്ങളുടെ എണ്ണത്തില്‍ സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തുവാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ ദേവാലയത്തിന്റെ വാര്‍ത്ത പുറത്തു വന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക