News - 2024

വിവാഹ മോചനം നിയമ വിധേയമാക്കുന്നതിനെതിരെ ഫിലിപ്പീൻസിൽ പ്രതിഷേധം പുകയുന്നു

സ്വന്തം ലേഖകന്‍ 08-02-2020 - Saturday

മനില: വിവാഹമോചനം നിയമ വിധേയമാക്കുന്നതിനെതിരെ ഫിലിപ്പീൻസിൽ അൽമായരുടെ നേതൃത്വത്തിൽ പ്രതിഷേധം പുകയുന്നു. വിവാഹമോചനം നിയമവിധേയമാക്കാനുള്ള ബില്ലിന് (അബ്സല്യൂട്ട് ഡൈവോഴ്സ് ബില്ല് ഓഫ് 2019) കഴിഞ്ഞദിവസം ജനസംഖ്യയ്ക്കും, കുടുംബം ബന്ധങ്ങൾക്കും വേണ്ടിയുള്ള പാർലമെന്ററി ഹൗസ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചിരുന്നു. കുടുംബ ബന്ധങ്ങൾ ശിഥിലമാക്കാതെ, അവയെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് കോൺഗ്രസ് സ്വീകരിക്കേണ്ടതെന്ന് അൽമായ സംഘടനകളുടെ കൂട്ടായ്മയായ ദി കൗൺസിൽ ഓഫ് ദി ലെയ്റ്റി വ്യക്തമാക്കി. വിവാഹവും കുടുംബവും ഒരു സമ്മാനമാണെന്നും അവയെ സംരക്ഷിക്കേണ്ടതുണ്ടെന്നും ഭാരവാഹികൾ വ്യക്തമാക്കി.

വിവാഹ മോചന നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനോട് സംഘടനയ്ക്ക് ശക്തമായ എതിർപ്പാണുള്ളതെന്നു അധ്യക്ഷൻ റൂക്കൽ പോണ്ടി പറഞ്ഞു. സമൂഹത്തിനും കുടുംബങ്ങൾക്കും പ്രത്യാശയുടെ കിരണമായി ഫിലിപ്പീൻസ് എല്ലാകാലവും നിലനിൽക്കുമെന്ന് തന്നെയാണ് തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വിവാഹ മോചനം അനുവദിക്കണമെന്ന് വാദിക്കുന്നവർ വിവാഹമോചനം അനുവദിച്ച മറ്റ് രാജ്യങ്ങളുടെ ദുരവസ്ഥ മനസ്സിലാക്കണമെന്നും റൂക്കൽ പോണ്ടി കൂട്ടിച്ചേർത്തു. വിവാഹ മോചനം അനുവദിക്കുന്നത് ദമ്പതികൾക്കും, കുട്ടികൾക്കും ഒരേപോലെ വിനയായി തീരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദി കപ്പിൾസ് ഫോർ ക്രൈസ്റ്റ് എന്ന സംഘടനയുടെ നേതൃ പദവിയിലുളള വ്യക്തി കൂടിയാണ് റൂക്കൽ പോണ്ടി. വത്തിക്കാനെ കൂടാതെ ലോകത്ത് വിവാഹമോചനം അനുവദിക്കാത്ത ഏകരാജ്യമാണ് ഫിലിപ്പീൻസ്.


Related Articles »