News - 2024

വൈദിക ബ്രഹ്മചര്യം: പാപ്പയുടെ തീരുമാനം പുറത്തുവരാൻ ഇനി മണിക്കൂറുകള്‍ മാത്രം

സ്വന്തം ലേഖകന്‍ 12-02-2020 - Wednesday

ഒക്ടോബർ മാസം റോമിൽ നടന്ന ആമസോൺ സിനഡിലെ ചർച്ചകളിൽ നിന്നും ഉരുത്തിരിഞ്ഞ വിശകലനങ്ങൾ, സിനഡാനന്തര രേഖയായി മാർപാപ്പയുടെ അംഗീകാരത്തോടെ ഇന്ന്‍ പുറത്തിറങ്ങും. ആഗോള തലത്തില്‍ തന്നെ ഏറ്റവും ചര്‍ച്ചയ്ക്കു വഴി തെളിയിച്ച സിനഡ് നിര്‍ദ്ദേശമായ വൈദിക ബ്രഹ്മചര്യത്തിലെ ഇളവ് ആമസോൺ മേഖലയ്ക്ക് പാപ്പ നൽകുമോയെന്ന ആകാംക്ഷയിലാണ് ലോകം. ആമസോൺ മേഖലയിൽ വിവാഹിതരായവരെ പൗരോഹിത്യ ശുശ്രൂഷക്കായി പരിഗണിക്കാനും, സ്ത്രീകളെ ഡീക്കൻ പദവിയിലേക്ക് നിയമിക്കുന്നതിനെ കുറിച്ച് പഠിക്കാൻ കമ്മീഷനെ നിയമിക്കാനും ശുപാർശ ചെയ്യുന്ന 33 പേജുള്ള രേഖ സിനഡ് പിതാക്കന്മാർ വോട്ടെടുപ്പിലൂടെയാണ് നേരത്തെ പാസ്സാക്കിയത്.

ഫ്രാൻസിസ് പാപ്പായുടെ മുമ്പാകെ സമർപ്പിച്ച സിനഡാനന്തരരേഖയുടെ മേൽ മാർപാപ്പ എന്ത് തീരുമാനം എടുക്കും എന്ന്‌ അറിയാൻ ഉറ്റുനോക്കുകയാണ് ലോകം. അതേസമയം വൈദിക ബ്രഹ്മചര്യ നിയമത്തിൽ ഫ്രാൻസിസ് മാർപാപ്പ ഇളവനുവദിക്കാൻ സാധ്യത വളരെ കുറവാണെന്നാണ് വത്തിക്കാന്‍ നല്‍കുന്ന സൂചന. ലത്തീൻ സഭയിൽ വൈദികരാകുന്നവർ വിവാഹം ചെയ്യുന്നതിനോട് തനിക്ക് എതിർപ്പാണെന്ന് ഫ്രാൻസിസ് മാർപാപ്പ ലോക യുവജന സംഗമത്തിനുശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞ കാര്യം വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി ഇക്കഴിഞ്ഞ ജനുവരി മാസത്തില്‍ പത്രസമ്മേളനത്തില്‍ ഓര്‍മ്മിപ്പിച്ചിരിന്നു.

വർഷങ്ങളായി സഭ പിന്തുടരുന്ന വൈദിക ബ്രഹ്മചര്യം നിയമത്തിൽ മാറ്റങ്ങൾ കൊണ്ടുവരരുതെന്ന് ആവശ്യപ്പെട്ടും പൗരോഹിത്യ ബ്രഹ്മചര്യം സംബന്ധിച്ചും മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്റെ ലേഖനം ഉള്‍ക്കൊള്ളിച്ചു വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ എഴുതിയ “ഞങ്ങളുടെ ഹൃദയങ്ങളുടെ ആഴങ്ങളില്‍ നിന്നും” (ഫ്രം ദി ഡെപ്ത്ത്സ് ഓഫ് ഔര്‍ ഹാര്‍ട്ട്സ്) എന്ന പുസ്തകം അടുത്തിടെ പുറത്തിറങ്ങിയിരിന്നു. ഈ സാഹചര്യവും കൂടി കണക്കിലെടുത്ത് പാപ്പയുടെ തീരുമാനത്തിനായി ലോകം വത്തിക്കാനിലേക്ക് ഉറ്റുനോക്കുകയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »