India - 2025
'യഥാര്‍ത്ഥ ആത്മീയത പ്രകടമാക്കാന്‍ ഈ നാടിനെ സൗഖ്യമാക്കണമേ എന്നതാകണം നമ്മുടെ പ്രാര്‍ത്ഥന'
13-02-2020 - Thursday
മാരാമണ്‍: മുരടിച്ച ജീവിതങ്ങളിലൂടെ രൂപപ്പെട്ട ഭീകരതയില്‍നിന്നു നാടിന് വിമോചനം അനിവാര്യമായിരിക്കുന്നുവെന്ന് സിഎസ്‌ഐ മോഡറേറ്റര്‍ ബിഷപ്പ് ധര്‍മരാജ് റസാലം. മാരാമണ്‍ കണ്‍വന്‍ഷനില്‍ ഇന്നലെ രാവിലെ നടന്ന എക്യുമെനിക്കല്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുരടിച്ച ജീവിതങ്ങളില്‍നിന്നു മോചനത്തിനു യഥാര്‍ഥമായ ആത്മീയത പ്രകടമാക്കാന്‍ ഈ നാടിനെ സൗഖ്യമാക്കണമേ എന്നതാകണം നമ്മുടെ പ്രാര്‍ത്ഥന. ആത്മീയത പുറംലോകത്തേക്ക് എത്തിക്കാനുള്ള ചുമതല സഭകള്‍ക്കുണ്ട്. കളകള്‍ക്കൊപ്പം വിള തിരിച്ചറിയുക പ്രയാസമാണ്. തളര്‍ന്നു പോകാതെ ദൈവഹിതം നിറവേറ്റുകയെന്നതാകണം സഭകളുടെ ദൗത്യം. വിമര്‍ശനങ്ങള്‍ ഉണ്ടാകാം. അവമതിപ്പുകള്‍ വന്നേക്കാം. ദൈവികചിന്തയില്‍ അവിടെയെല്ലാം ധൈര്യത്തോടെ മുന്നോട്ടുപോകാനാകണം. മുറിപ്പെടുത്തലുകള്‍ക്കു മുന്പില്‍ അധൈര്യപ്പെടരുതെന്നും ബിഷപ്പ് റസാലം കൂട്ടിച്ചേര്‍ത്തു.
മനുഷ്യന്‍ നിസഹായത പ്രകടിപ്പിച്ച് ജീവിതത്തില്‍നിന്ന് ഒളിച്ചോടാന്‍ വെമ്പല്‍ കാട്ടുന്ന കാലഘട്ടമാണിത്. ദൈവവചനത്തില്‍ നിന്ന് മടങ്ങിയതാണ് ഇതിന് അടിസ്ഥാന കാരണം. നമ്മുടെ കുടുംബാന്തരീക്ഷങ്ങള്‍ പ്രാര്‍ത്ഥനയുടെ ലോകത്തേക്കു തിരികെപ്പോകണം. പ്രതികൂല സാഹചര്യത്തില്‍ ദൈവത്തില്‍ അഭയം കണ്ടെത്താന്‍ പുതിയ തലമുറയെ പ്രേരിപ്പിക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. നന്മ തിന്മകളെ തിരിച്ചറിയുന്ന ഒരു മാധ്യമ സംസ്‌കാരമാണ് വളര്‍ന്നുവരേണ്ടത്. കാലഘട്ടത്തിന്റെ വെല്ലുവിളികളെ സധൈര്യം നേരിടാന്‍ കരുത്തുണ്ടാകേണ്ടതും കുടുംബാന്തരീക്ഷത്തില്‍ നിന്നാണെന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു.
ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. സാമൂഹിക തിന്മകള്‍ക്കെതിരേ ഉച്ചകഴിഞ്ഞു നടന്ന യോഗത്തില്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത മുഖ്യസന്ദേശം നല്‍കി. വൈകുന്നേരം ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്‌കോപ്പ പ്രസംഗിച്ചു.
![](/images/close.png)