India - 2024

സാമ്പത്തിക സംവരണ അട്ടിമറി ശ്രമത്തിനെതിരെ സീറോ മലബാർ സഭയുടെ ഇടപെടൽ

19-02-2020 - Wednesday

കേരള മെഡിക്കല്‍ എൻജിയറിംഗ് എൻട്രൻസിലും അഡ്മിഷനിലും സുറിയാനി ക്രിസ്ത്യാനികൾക്കും മറ്റ് സംവരണേതര വിഭാഗങ്ങൾക്കുമായി അനുവദിച്ചു നൽകിയ പത്തു ശതമാനം സാമ്പത്തിക സംവരണം (EWS) അട്ടിമറിക്കാൻ ചില തൽപര കക്ഷികൾ ശ്രമിക്കുന്നു എന്ന സംശയം നിലനിൽക്കുന്ന സാഹചര്യത്തിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നിവേദനം സഭാ പ്രതിനിധികൾ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ മുൻപാകെ സമർപ്പിച്ചു.

സർക്കാർ സാമ്പത്തിക സംവരണം സംബന്ധിച്ച് വിജ്ഞാപനമിറക്കിയെങ്കിലും വില്ലേജ് ഓഫീസർമാർക്ക് വ്യക്തമായ മാർഗനിർദേശങ്ങൾ നൽകാത്തത് മൂലം പല ഓഫീസർമാരും ഇ ഡബ്ലിയു എസ് സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറാകുന്നില്ല. അപേക്ഷയുടെ മാതൃക അടിയന്തരമായി ലാൻഡ് റവന്യൂ കമ്മീഷണർ നിശ്ചയിച്ച് നൽകുമെന്ന് ഫെബ്രുവരി 12ലെ വിജ്ഞാപനത്തിൽ അറിയിച്ചിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും നൽകാത്തതുമൂലം, ഫെബ്രുവരി 12നു ശേഷം വെള്ളപേപ്പറിൽ ഉള്ള അപേക്ഷകൾ സ്വീകരിക്കാൻ പലരും തയ്യാറാകുന്നില്ല. അപേക്ഷ സ്വീകരിക്കുന്നതും സർട്ടിഫിക്കറ്റ് നൽകുന്നതും അടിയന്തരമായി ഓൺലൈൻ മുഖാന്തരം ആക്കുമെന്ന് വിജ്ഞാപനത്തിൽ പറഞ്ഞിട്ടും ഇതുവരെ ഓൺലൈൻ സംവിധാനം നിലവിൽ വരാത്തതുമൂലം വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.

പല വില്ലേജ് ഓഫീസർമാരും ആളുകളെ ചില തെറ്റായ വിവരങ്ങൾ നൽകി കബളിപ്പിച്ച് തിരിച്ചയക്കുന്നു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ഇഡബ്ലിയുഎസ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനം ഇതുവരെ ക്രമീകരിക്കപ്പെട്ടിട്ടില്ലാത്തതിനാൽ വിദ്യാർത്ഥികളും മാതാപിതാക്കളും ആശങ്കയിലാണ് എന്നും നിവേദനത്തിൽ സൂചിപ്പിച്ചിരുന്നു. ഇവയ്ക്ക് പരിഹാരമെന്നോണം റവന്യൂ വകുപ്പ് മന്ത്രി സഭാ പ്രതിനിധികളുടെ മുൻപിൽ വച്ച് തന്നെ ലാൻഡ് റവന്യൂ കമ്മീഷണറെ ഫോണിൽ വിളിച്ച് സംസാരിക്കുകയും ഇഡബ്ലിയു എസ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷയുടെ ഔദ്യോഗിക മാതൃക തയ്യാറാകാത്തതിനാൽ വെള്ളപേപ്പറിൽ അപേക്ഷകൾ സ്വീകരിക്കാനും, അപേക്ഷകൾക്കും സർട്ടിഫിക്കറ്റിനും ഉള്ള ഓൺലൈൻ സംവിധാനം ഇതുവരെ പൂർത്തിയാകാത്തതിനാൽ ഓഫ് ലൈനായി അപേക്ഷകൾ സ്വീകരിക്കാനും വേണ്ട ഉത്തരവുകളും മറ്റും മാർഗ്ഗനിർദ്ദേശങ്ങളും നൽകുവാൻ നിർദ്ദേശിച്ചു.

ഏതെങ്കിലും വില്ലേജ് ഓഫീസർ അനാവശ്യ വാദഗതികൾ ഉന്നയിച്ച് തടസ്സം സൃഷ്ടിക്കുകയാണെങ്കിൽ തൻ്റെ പക്കൽ നേരിട്ട് പരാതി നൽകാനും മന്ത്രി സീറോ മലബാർ സഭാ പ്രതിനിധികളോട് ആവശ്യപ്പെട്ടു. KEAM ൻ്റെ വെബ്സൈറ്റിൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യേണ്ടത് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നാണെന്നും മന്ത്രി പറഞ്ഞു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »