Faith And Reason - 2024

60 വർഷത്തിന് ശേഷം ടുണീഷ്യയിൽ ആദ്യത്തെ മെത്രാഭിഷേക ചടങ്ങ്

സ്വന്തം ലേഖകന്‍ 20-02-2020 - Thursday

ടുണീസ്: അറുപതു വർഷം നീണ്ട കാത്തിരിപ്പിനു ശേഷം വടക്കേ ആഫ്രിക്കൻ രാജ്യമായ ടുണീഷ്യയിൽ ആദ്യത്തെ മെത്രാഭിഷേക ചടങ്ങ് നടന്നു. അൾജീരിയയിലെ കോൺസ്റ്റൻറ്റയിൻ രൂപതയ്ക്ക് വേണ്ടി ഫ്രഞ്ച് വംശജനായ മോൺസിഞ്ഞോർ നിക്കോളാസ് ലെർനോൾഡാണ് മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടത്. ടുണീഷ്യയിലെ സെന്റ് വിൻസന്റ് ഡി പോൾ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ സമീപ രാജ്യങ്ങളായ അൾജീരിയ, മൊറോക്കോ എന്നിവിടങ്ങളില്‍ നിന്നും, മറ്റു പ്രദേശങ്ങളിൽ നിന്നും 15 മെത്രാന്മാരും അറുപതോളം വൈദികരും നൂറുകണക്കിന് വിശ്വാസികളും പങ്കെടുക്കാനെത്തിയിരുന്നു.

1962-ലായിരുന്നു ഏറ്റവുമൊടുവിലായി ടുണീഷ്യയിൽ മെത്രാഭിഷേകം നടന്നത്. ടുണീഷ്യക്ക് സ്വാതന്ത്ര്യം കിട്ടിയതിന് ആറു വർഷങ്ങൾക്ക് ശേഷം കാർത്തേജ് കത്തീഡ്രലിലാണ് പ്രസ്തുത ചടങ്ങ് നടക്കുന്നത്. 2004-ല്‍ ടുണിസ് രൂപതയ്ക്ക് വേണ്ടി വൈദികപട്ടം സ്വീകരിച്ച ഫാ. നിക്കോളാസ് ലെർനോള്‍ഡ് പതിനാറു വര്‍ഷത്തിന് ശേഷം മെത്രാന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുകയായിരിന്നു. 2019 ഡിസംബർ ഒന്‍പതിനാണ് ഫ്രാൻസിസ് മാർപാപ്പ നിക്കോളാസ് ലെർനോൾഡിനെ കോൺസ്റ്റൻറ്റയിൻ രൂപതയുടെ മെത്രാനായി നിയമിച്ചു കൊണ്ട് ഉത്തരവിറക്കുന്നത്. മിഷ്ണറി ആർച്ച് ബിഷപ്പായിരുന്ന പോൾ ഡെസ്ഫാർഗസിന്റെ പിൻഗാമിയായാണ് നിയമനം.

ദൈവീക പദ്ധതിയുടെ പൂർത്തീകരണത്തിനു വേണ്ടി നമ്മൾ ഒരുമിച്ചാണെന്നും. ഒരു ചരിത്രവും, ഒരു വർത്തമാനകാലവും, ഒരു ഭാവിയുമുളള ദൈവീക പദ്ധതിയുടെ താക്കോലുകൾ ദൈവത്തിന്റെ ഹൃദയത്തിലാണെന്നും സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്ക് ശേഷം കത്തീഡ്രൽ ദേവാലയത്തിൽ നൽകിയ സന്ദേശത്തിൽ നിയുക്ത മെത്രാന്‍ പറഞ്ഞു. വിദേശ രാജ്യങ്ങളിൽ നിന്ന് വിദ്യാഭ്യാസത്തിനും, ജോലിക്കുമായി എത്തിയ വളരെ കുറച്ചാളുകൾ മാത്രമാണ് ഇന്ന് ടുണീഷ്യയിലെ കത്തോലിക്കാസഭയുടെ ഭാഗമായിട്ടുള്ളത്. രാജ്യത്തിന്റെ തൊണ്ണൂറ്റിയെട്ടു ശതമാനവും ഇസ്ളാമിക വിശ്വാസികളാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »