India - 2025
'ഭരണഘടനാവിരുദ്ധമായ നയങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നത് ചെറുക്കണം'
21-02-2020 - Friday
തൃശൂര്‍: വിദ്യാഭ്യാസ രംഗത്തു സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാവിരുദ്ധമായ നയങ്ങളാണ് അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നതെന്നും ഇതിനെ ചെറുക്കണമെന്നും തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമായ സംസ്ഥാന ബജറ്റ് നിര്‍ദേശങ്ങള്‍ക്കെതിരേ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് ആരംഭിച്ച പ്രതിഷേധ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താന്‍ ന്യൂനപക്ഷങ്ങള്‍ക്കു ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. അനധികൃതമായി അധ്യാപക നിയമനങ്ങള്‍ നടത്തുകയാണെന്നു ദുര്‍വ്യാഖ്യാനം ചെയ്തു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. മന്ത്രിമാര്‍ വാഗ്ദാനങ്ങള്‍ ഒരുപാടു നല്‍കുന്നുണ്ടെന്നും എന്നാല്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അവ ലഭിക്കുന്നില്ലായെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
ക്ലാസ് മുറിയിലെ വിദ്യാര്‍ഥി അധ്യാപക അനുപാതം 1:30 ആയിരിക്കണമെന്ന കേന്ദ്ര വിദ്യാഭ്യാസ നിയമം അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം സുപ്രീം കോടതി തടഞ്ഞതാണ്. വീണ്ടും അതു ലംഘിക്കുമെന്ന പ്രഖ്യാപനമാണു ബജറ്റില്‍ നടത്തിയിരിക്കുന്നതെന്നു യോഗം വിലയിരുത്തി. ഒരു വര്‍ഷം ക്ലാസില്‍ ഒരു വിദ്യാര്‍ഥി കുറഞ്ഞുപോയാല്‍ അടുത്ത കുറേ വര്‍ഷങ്ങളിലേക്ക് തസ്തിക അനുവദിക്കില്ലെന്നു ശഠിക്കുന്നതു വിദ്യാഭ്യാസത്തെ തകര്‍ക്കാനാണ്.
വിദ്യാര്‍ഥികളുടെ അധ്യയനം നഷ്ടപ്പെടാതിരിക്കാന്‍ നാലു വര്‍ഷത്തോളമായി ശന്പളം ലഭിക്കാതെ മൂവായിരത്തോളം അധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്കു നീതി ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മാര്‍ച്ച് അഞ്ചിനു സെക്രട്ടേറിയറ്റിലേക്കു നടത്തുന്ന മാര്‍ച്ച് വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഡയറക്ടര്‍ ഫാ. ആന്റണി ചെന്പകശേരി അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ജോഷി വടക്കന്‍, ജനറല്‍ സെക്രട്ടറി പി.ഡി. വിന്‍സെന്റ് എന്നിവര്‍ പ്രസംഗിച്ചു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക