India - 2025
സ്ഥലം വില്‍പ്പന: തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്ന്‍ പാലാ രൂപത
19-02-2020 - Wednesday
പാലാ: പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള ഏതാനും സ്ഥലങ്ങള്‍ വില്പനയ്ക്കായി കേരളത്തിലെ പ്രമുഖ ദിനപത്രങ്ങളില്‍ കൊടുത്ത പത്രപരസ്യത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹികമാധ്യമങ്ങളിലും ചാനലുകളിലും തെറ്റായ പ്രചാരണം നടക്കുകയാണെന്നു പാലാ രൂപത. തെറ്റിദ്ധാരണ ഉളവാക്കുന്ന വ്യാഖ്യാനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രൂപത വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ജനങ്ങള്‍ക്കു മെച്ചപ്പെട്ട ചികിത്സാ സൗകര്യം നല്‍കണമെന്നുള്ള സദുദ്ദേശ്യത്തോടെയാണ് പാലാ രൂപത ചേര്‍പ്പുങ്കലില്‍ മാര്‍ സ്ലീവാ മെഡിസിറ്റി ആരംഭിച്ചിരിക്കുന്നതെന്നു കുറിപ്പില്‍ പറയുന്നു.
ഇതിനോടകംതന്നെ മുന്നൂറു കോടി രൂപ ചെലവായിട്ടുണ്ട്. ഈ തുക പൊതുജനങ്ങള്‍, ഇടവകകള്‍, സമര്‍പ്പിത സമൂഹങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ നിര്‍ലോഭമായി നല്‍കിയ സംഭാവനകളുടെയും സഹകരണത്തിന്റെയും പിന്നീട് അത്യാവശ്യമായ വന്ന സാഹചര്യത്തില്‍ ബാങ്ക് ലോണിന്റെ സഹായത്തോടെയാണു സ്വരൂപിച്ചിരിക്കുന്നത്. ഈ ആതുരശുശ്രൂഷ കേന്ദ്രത്തില്‍ മരണാസന്നരായ രോഗികള്‍ക്കു സൗജന്യ ചികിത്സ നല്‍കാന്‍ പാലീയേറ്റിവ് ബ്ലോക്ക് പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. ഇതോടൊപ്പംതന്നെ അനേക വര്‍ഷങ്ങളായി സാമൂഹ്യപ്രതിബദ്ധതയുള്ള വിവിധ സഹായ പദ്ധതികള്‍ പാലാ കാരിത്താസ്, ഹോം പാലാ പദ്ധതി, കുടുംബ സഹായനിധി, പാലാ സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റി നടപ്പിലാക്കി വരുന്ന വിവിധ ക്ഷേമപദ്ധതികള്‍ തുടങ്ങിയവയും ശ്രദ്ധേയമാണ്.
ആശുപത്രിയുടെ പണി പൂര്‍ത്തീകരിക്കാനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഇതുവരെ എടുത്ത ബാങ്ക് ലോണുകള്‍ കുറെയെങ്കിലും എത്രയും വേഗം തിരിച്ചടയ്ക്കുന്നതിനാണ് നിര്‍ദിഷ്ട സമിതികളുടെ അഭിപ്രായപ്രകാരം ഏതാനും സ്ഥലങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നത്. ഇക്കാര്യം രൂപത ഫൈനാന്‍സ് കമ്മിറ്റിയിലും രൂപത ആലോചനാ സമിതിയിലും ചര്‍ച്ചചെയ്ത് അനുവാദം വാങ്ങുകയും രൂപത കച്ചേരിയിലും വൈദികസമിതിയിലും അവതരിപ്പിച്ചു തീരുമാനമെടുക്കുകയും ചെയ്തതാണ്.
വില്പന കാര്യങ്ങള്‍ വേണ്ടവിധം കൈകാര്യം ചെയ്യാന്‍ പ്രാപ്തരായ അല്മായര്‍ ഉള്‍പ്പെടുന്ന ഒരു അഞ്ചംഗ സമിതിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഈ സ്ഥലങ്ങളുടെ വില്പനയ്ക്കായി പത്രത്തില്‍ പരസ്യം ചെയ്തത്. എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് ഈ കാര്യങ്ങള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഏകദേശം ആറ് ഏക്കര്‍ സ്ഥലം വില്‍ക്കുന്നതിനെപ്പറ്റി ചിന്തിക്കുന്ന അവസരത്തില്‍ മാര്‍ സ്ലീവാ മെഡിസിറ്റിക്കു വേണ്ടി മുപ്പത്തിരണ്ട് ഏക്കറോളം സ്ഥലം രൂപതയ്ക്ക് ഉണ്ടായിട്ടുണ്ട് എന്നതും കണക്കിലെടുക്കേണ്ട കാര്യമാണെന്നും രൂപതകേന്ദ്രം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
![](/images/close.png)