Faith And Reason - 2025
എല്ലാ മഹത്വവും ഏക സത്യദൈവമായ യേശുക്രിസ്‌തുവിന് മാത്രം: ലോക ഹെവിവെയ്റ്റ് ചാമ്പ്യൻ ടൈസന്‍ ഫൂരി
സ്വന്തം ലേഖകന്‍ 24-02-2020 - Monday
ലാസ് വേഗാസ്: ലോക ബോക്സിംഗ് ഹെവിവെയ്റ്റ് ചാമ്പ്യന്‍ഷിപ്പ് (WBC) സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെ യേശു ക്രിസ്തുവിനെ മഹത്വപ്പെടുത്തി കൊണ്ട് ബോക്‌സർ ടൈസൺ ഫൂരി. എല്ലാ മഹത്വവും പുകഴ്ചയും ഏക സത്യദൈവമായ യേശു ക്രിസ്തുവിന് മാത്രമാണെന്ന് അദ്ദേഹം പരസ്യമായി സാക്ഷ്യപ്പെടുത്തി. ചാമ്പ്യൻ പട്ടം സ്വന്തമാക്കിയതിന് പിന്നാലെ മാധ്യമ പ്രവർത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആദ്യമായി എന്റെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന് നന്ദി പറയുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്ന വാക്കുകളോടെ ആരംഭിച്ച അദ്ദേഹം തന്റെ പ്രസ്താവനയിൽ യേശുവിനെ പൂർണ്ണമായും മഹത്വപ്പെടുത്തി കൊണ്ടായിരുന്നു സംസാരിച്ചത്.
“എനിക്കെതിരെ തിന്മ വരുത്തുന്നവര്‍ വിജയിക്കില്ല, ഇരുട്ടില്‍ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നവർക്ക് ഒരിക്കലും പ്രകാശത്തിലേക്ക് വരുവാന്‍ കഴിയുകയില്ല. എല്ലാ മഹത്വവും പുകഴ്ചയും ഏക സത്യദൈവമായ യേശു ക്രിസ്തുവിന് മാത്രം". 'ജിപ്സി കിംഗ്' എന്നറിയപ്പെടുന്ന ബ്രിട്ടന്‍ സ്വദേശിയായ ടൈസണ്‍ ഫൂരി പറഞ്ഞു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ലാസ് വെഗാസ് എം.ജി.എം ഗ്രാന്റ് അരീനയില്‍ നടന്ന ലോകം ഉറ്റുനോക്കിക്കൊണ്ടിരുന്ന മത്സരത്തിലാണ് തുടര്‍ച്ചയായ അഞ്ചു വര്‍ഷങ്ങളോളം ലോക ചാമ്പ്യനായിരുന്ന ഡോന്റെ വൈല്‍ഡറിനെ പരാജയപ്പെടുത്തി കൊണ്ട് ടൈസന്‍ ഫൂരി ലോക ഹെവിവെയ്റ്റ് ബോക്സിംഗ് കിരീടം ചൂടിയത്.
“ദൈവത്തിനു പോലും തന്റെ മുമ്പില്‍ പരാജയപ്പെടുന്നതില്‍ നിന്നും ടൈസനെ രക്ഷിക്കുവാന്‍ കഴിയുകയില്ല” എന്ന്‍ വൈല്‍ഡര്‍ വീമ്പിളക്കിയതിന്റെ പിന്നാലെയാണ് ടൈസന്റെ ജയം. ഇതും കൂടി കണക്കിലെടുത്താകും ഏകരക്ഷകനായ യേശുവിനെ താരം മഹത്വപ്പെടുത്തിയതെന്ന് വിലയിരുത്തപ്പെടുന്നു. 2015-ല്‍ നടന്ന മത്സരത്തില്‍ വ്ലാഡിമിര്‍ ക്ലിഷ്ക്കോയെ തോല്‍പ്പിച്ചു കൊണ്ട് ഫൂരി ഡബ്ല്യു.ബി.എ (സൂപ്പര്‍) കിരീടം നേടിയിരുന്നു. ഐ.ബി.എഫ്, ഡബ്ല്യു.ബി.ഒ, ഐ.ബി.ഒ തുടങ്ങിയ ടൈറ്റിലുകളും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക