India - 2025

മേഘാലയയിലെ ടൂറ രൂപതയുടെ സഹായ മെത്രാന്‍ പദവിയിലേക്ക് മലയാളി വൈദികന്‍

സ്വന്തം ലേഖകന്‍ 25-02-2020 - Tuesday

ന്യൂഡല്‍ഹി: മേഘാലയയിലെ ടൂറ രൂപതയുടെ സഹായമെത്രാനായി മലയാളിയായ മോണ്‍. ജോസ് ചിറയ്ക്കല്‍ അയിരൂക്കാരനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ടൂറ രൂപതയില്‍ ഫാദര്‍ സിജെ എന്നറിയപ്പെടുന്ന മോണ്‍. ജോസ് ചിറയ്ക്കല്‍ അയിരൂക്കാരന്‍ എറണാകുളം- അങ്കമാലി അതിരൂപതയിലെ കറുകുറ്റി ഇടവകാംഗമാണ്. മേഘാലയയിലെ അഞ്ചു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ടൂറ രൂപതയുടെ ബിഷപ്പ് ഡോ. ആന്‍ഡ്രൂ മാരക്കാണ്. രൂപതയുടെ പ്രൊക്യൂറേറ്ററായി സേവനം ചെയ്തു വരികെയാണ് പുതിയ നിയമനം.

1960 ജൂലൈ 14നു കറുകുറ്റി ചിറയ്ക്കല്‍ അയിരൂക്കാരന്‍ പരേതരായ ജോസഫ്അന്നം ദമ്പതികളുടെ മൂത്ത മകനായി ജനിച്ച മോണ്‍. ജോസ് 1976ല്‍ ടൂറ രൂപതയില്‍ വൈദികവിദ്യാര്‍ഥിയായി. ഷില്ലോംഗിലെ സെന്റ് പോള്‍സ് മൈനര്‍ സെമിനാരിയിലും െ്രെകസ്റ്റ് കിംഗ് കോളജിലും ഓറിയന്‍സ് തിയോളജിക്കല്‍ കോളജിലും വൈദികപഠനം പൂര്‍ത്തിയാക്കി. 1987 ഡിസംബര്‍ 29നു ടൂറ രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് 1995ല്‍ റോമിലെ ഉര്‍ബാനിയ യൂണിവേഴ്‌സിറ്റിയില്‍നിന്ന് കാനോന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി.

1988ല്‍ സെല്‍സല്ല സെന്റ് ജോസഫ്‌സ് പള്ളിയില്‍ അസി.വികാരിയായി സേവനം തുടങ്ങിയ ഇദ്ദേഹം ദാലു സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ ഹെഡ്മാസ്റ്ററായും ടൂറ സെന്റ് പീറ്റേഴ്‌സ് മൈനര്‍ സെമിനാരിയില്‍ റെക്ടറായും തുടര്‍ന്ന് രൂപത പ്രൊക്കുറേറ്ററും ചാന്‍സലറുമായും സേവനമനുഷ്ഠിച്ചു. 2011ല്‍ കത്തീഡ്രല്‍ വികാരിയായി. തുടര്‍ന്ന് ഓറിയന്‍സ് തിയോളജിക്കല്‍ കോളജില്‍ റെക്ടറായി പ്രവര്‍ത്തിച്ചു.


Related Articles »