News

ഫ്രാൻസിനോട് അഭയം ചോദിച്ച് ആസിയ ബീബി: സന്നദ്ധത അറിയിച്ച് പ്രസിഡന്‍റിന്റെ ഓഫീസ്

സ്വന്തം ലേഖകന്‍ 27-02-2020 - Thursday

പാരീസ്: പാക്കിസ്ഥാനില്‍ വ്യാജ മതനിന്ദ കുറ്റത്തിന്റെ പേരിൽ ജയിലിൽ എട്ടുവർഷം തടവ് ശിക്ഷ അനുഭവിച്ച ക്രിസ്ത്യന്‍ യുവതി ആസിയ ബീബി യൂറോപ്യൻ രാജ്യമായ ഫ്രാൻസിൽ അഭയം അഭയം പ്രാപിക്കാൻ ഒരുങ്ങുന്നു. ഫ്രഞ്ച് റേഡിയോയായ ആർ.ടി.എല്ലിന് തിങ്കളാഴ്ച നൽകിയ അഭിമുഖത്തിലാണ് ഫ്രാൻസിൽ അഭയം പ്രാപിക്കാനുള്ള തന്റെ ആഗ്രഹം ആസിയ ബീബി തുറന്നുപറഞ്ഞത്. ആഗ്രഹമുണ്ടെങ്കിൽ ആസിയയ്ക്കും കുടുംബത്തിനും ഫ്രാൻസിൽ അഭയം നൽകാൻ തയ്യാറാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.

നിരപരാധിയാണെന്ന് കണ്ടെത്തി കോടതി വിട്ടയച്ചതിനുശേഷം ഇസ്ലാമിക തീവ്രവാദികളിൽ നിന്നും വധഭീഷണി നേരിട്ട ആസിയ ഇപ്പോൾ കുടുംബത്തോടൊപ്പം കാനഡയിലാണ് കഴിയുന്നത്. അതേസമയം ആസിയ ബീബി വെള്ളിയാഴ്ച ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച 'എ സിറ്റിസൺ ഓഫ് ഹോണർ ഓഫ് ദി സിറ്റി ഓഫ് പാരിസ്' എന്ന ബഹുമതി ആസിയ ബീബിക്ക് ലഭിച്ചിരുന്നു.

മുസ്ലീം സ്ത്രീകളുമായുണ്ടായ വാഗ്വാദത്തെ തുടര്‍ന്നുള്ള വ്യക്തിവൈരാഗ്യമാണ് വ്യാജമതനിന്ദാക്കുറ്റത്തിന്റെ പേരില്‍ ആസിയാ ബീബിയെ ജയിലിലെത്തിച്ചത്. 2010-ല്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നടപടി അന്താരാഷ്ട്ര തലത്തില്‍ ഏറെ വിമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്ന്‍ കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി ആസിയ ബീബിയെ കുറ്റവിമുക്തയാക്കിയിരുന്നു. ഇതേ തുടര്‍ന്നു രാജ്യത്തു വന്‍ അക്രമങ്ങളാണ് അരങ്ങേറിയത്. ആസിയയെ വധിക്കണമെന്നാവശ്യപ്പെട്ടായിരിന്നു ഇസ്ലാം മതസ്ഥര്‍ തെരുവില്‍ ഇറങ്ങിയത്.

പാക്കിസ്ഥാന്റെ മതനിന്ദാ നിയമത്തിന്റെ ക്രൂരമായ കാണാപ്പുറങ്ങളെ ലോകത്തിനു മുന്നിൽ തുറന്നുകാട്ടുന്നതായിരുന്നു ബീബിയുടെ കേസ്. ശരിയത്ത് നിയമപ്രകാരം മതനിന്ദ കുറ്റത്തിന് ആരെങ്കിലും പിടിക്കപ്പെട്ടാൽ അവർക്ക് വധശിക്ഷയാണ് ലഭിക്കുക. മതനിന്ദാ നിയമം ദുരുപയോഗം ചെയ്ത് വ്യക്തിപരമായ പ്രശ്നങ്ങളിൽ പോലും ക്രൈസ്തവർക്കെതിരെ തെറ്റായ ആരോപണം ഉന്നയിച്ച് പകരം വീട്ടുന്ന പ്രവണത പാക്കിസ്ഥാനില്‍ വര്‍ദ്ധിച്ച് വരുന്നത് നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയായിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »