News - 2024

ആസിയ ബീബിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും കൂടിക്കാഴ്ച നടത്തി

സ്വന്തം ലേഖകന്‍ 02-03-2020 - Monday

പാരീസ്: വ്യാജ മതനിന്ദയുടെ പേരില്‍ വധശിക്ഷക്ക്‌ വിധിക്കപ്പെട്ട് വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞതിന് ശേഷം മോചിതയായ പാക്കിസ്ഥാനി ക്രിസ്ത്യന്‍ യുവതി ആസിയ ബീബി തനിക്ക് ഫ്രാന്‍സില്‍ അഭയം ലഭിക്കുന്നത് സംബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി. ഫ്രഞ്ച് പ്രസിഡന്റിന്റെ ക്ഷണമനുസരിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരി 28 വെള്ളിയാഴ്ച പാരീസിലെ എലിസീ പാലസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. പൗരത്വം തേടി ഫ്രഞ്ച് സര്‍ക്കാരിനെ സമീപിച്ച ആസിയാ ബീബിക്ക് അഭയം നല്‍കുവാന്‍ ഫ്രാന്‍സ് തയ്യാറാണെന്ന് മാക്രോണിന്റെ ഓഫീസ് അറിയിച്ചിരുന്നു. ഫ്രഞ്ച് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഏതു രാജ്യത്ത് തുടരണമെന്നതിനെക്കുറിച്ച് താന്‍ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ആസിയ ബീബിയുടെ പ്രതികരണം.

“എനിക്ക് ആലോചിക്കുവാന്‍ സമയം വേണം. എന്നെ സംബന്ധിച്ചിടത്തോളം കാനഡ നല്ല രാജ്യമായിരുന്നു. ഫ്രാന്‍സും അതുപോലെതന്നെ. എന്നാല്‍ എന്റെ ആരോഗ്യത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും, കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും ചിന്തിക്കുകയാണ് ഇപ്പോള്‍ പ്രധാനം” ആസിയാ ബീബി പറഞ്ഞു. ഫ്രാന്‍സ് തന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രതീകമാണെന്നും, തന്നെ പിന്തുണച്ച ആദ്യത്തെ രാഷ്ട്രം ഫ്രാന്‍സാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. പാരീസ് മേയര്‍ ആന്നെ ഹിദാല്‍ഗോയില്‍ നിന്നും ‘സിറ്റിസണ്‍ ഓഫ് ഹോണര്‍ ഓഫ് ദി സിറ്റി ഓഫ് പാരിസ്’ ബഹുമതി സ്വീകരിക്കുവാന്‍ കഴിഞ്ഞത് തന്നെ സംബന്ധിച്ചിടത്തോളം ആദരവാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫ്രഞ്ച് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുവാന്‍ കഴിഞ്ഞതിലെ സന്തോഷവും ആസിയാ ബീബി മറച്ചുവെച്ചില്ല.

മുസ്ലീം സ്ത്രീകളുമായുണ്ടായ വാഗ്വാദത്തെത്തുടര്‍ന്നുള്ള വ്യക്തിവൈരാഗ്യമാണ് ആസിയാ ബീബിയെ ജയിലിലാക്കിയതും, വധശിക്ഷക്ക് വിധിക്കപ്പെടുന്നതിലേക്ക് നയിച്ചതും. ആഗോള സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‍ 2018-ല്‍ ജയില്‍ മോചിതയായ ആസിയാ കുടുംബ സമേതം കാനഡയിലേക്ക് പലായനം ചെയ്യുകയായിരുന്നു. ആസിയാ ബീബിയുടെ കഥ ലോകത്തെ അറിയിക്കുവാനും, അവള്‍ക്ക് അന്താരാഷ്ട്ര സമൂഹത്തിനെ പിന്തുണ നേടിക്കൊടുക്കുവാനും ഏറെ സഹായിച്ച ആന്നെ ഇസബെല്ലെ ടോല്ലെറ്റ് എന്ന ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകയുമായി സഹകരിച്ചെഴുതിയ ‘എന്‍ഫിന്‍ ലിബ്രെ’ (അവസാനം സ്വതന്ത്രയായി!) എന്ന ആത്മകഥാപരമായ പുസ്തകത്തിന്റെ പ്രചാരണാര്‍ത്ഥം കൂടിയാണ് ആസിയാ ബീബി ഫ്രാന്‍സില്‍ എത്തിയിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »