News

ആസിയ ബീബിയുടെ സഹോദരീ ഭര്‍ത്താവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

പ്രവാചക ശബ്ദം 27-05-2020 - Wednesday

ഷെയ്ഖ്പുര: വ്യാജ മതനിന്ദാക്കുറ്റത്തിന് എട്ടു വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞതിന് ശേഷം മോചിതയായ പാക്കിസ്ഥാനി ക്രിസ്ത്യന്‍ വനിത ആസിയാ ബീബിയുടെ ഇളയ സഹോദരീ ഭര്‍ത്താവ് അതിക്രൂരമായി കൊല്ലപ്പെട്ടു. ഇക്കഴിഞ്ഞ മെയ് 24ന് പഞ്ചാബ് പ്രവിശ്യയിലെ ഷെയ്ഖ്പുരയിലുള്ള കൃഷിയിടത്തിലേക്ക് പോയ യൂനസിനെ (50) തൊട്ടടുത്ത ദിവസം രാവിലെ ഇക്കഴിഞ്ഞ കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ എഫ്.ഐ.ആറില്‍ പറയുന്നത്. ആസിയാ ബീബിയുടെ ഇളയ സഹോദരി നജ്മാ ബീബിയുടെ ഭര്‍ത്താവായിരുന്ന യൂനസ് രണ്ട് കുട്ടികളുടെ പിതാവാണ്.

പ്രാദേശിക ജന്മിയുടെ ആടുകളെ നോക്കുന്ന ജോലിചെയ്തുവന്നിരുന്ന യൂനസ് രാത്രിയായിട്ടും വീട്ടിലേക്ക് തിരികെ വരാത്തതിനാല്‍ നടത്തിയ അന്വേഷണത്തിലാണ് ഫാമില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്ന് യൂനസിന്റെ സഹോദരന്‍ ജോര്‍ജ്ജ് മസി പോലീസിനോട് വെളിപ്പെടുത്തി. ഇതിനിടെ പ്രദേശത്തുള്ള ഇര്‍ഫാന്‍ ദോഗാര്‍ എന്ന മുസ്ലീമിന്റെ സഹായത്തോടെ നജ്മാ ബീബി തന്നെയാണ് തന്റെ സഹോദരനെ കൊലപ്പെടുത്തിയിരിക്കുന്നതെന്ന് ജോര്‍ജ്ജ് മസി ആരോപിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതാദ്യമായല്ല ആസിയാ ബീബിയുമായി ബന്ധപ്പെട്ടവര്‍ കൊല്ലപ്പെടുന്നത്.

വ്യാജ ആരോപണത്തിന്റെ പേരില്‍ ആസിയാ ബീബി തടവ് ശിക്ഷ അനുഭവിക്കുമ്പോള്‍ മോചിപ്പിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട കാരണത്താല്‍ പഞ്ചാബ് ഗവര്‍ണറും, ക്രൈസ്തവ വിശാസിയുമായ സല്‍മാന്‍ തസീര്‍ 2011-ല്‍ കൊല്ലപ്പെട്ടത് ആഗോളതലത്തില്‍ വന്‍ ചര്‍ച്ചയായിരിന്നു. ഒരു മാസത്തിന് ശേഷം ആസിയക്ക് വേണ്ടി നിരന്തരം സ്വരമുയര്‍ത്തിയ ന്യൂനപക്ഷ മന്ത്രിയും കടുത്ത ക്രൈസ്തവ വിശ്വാസിയുമായിരിന്ന ഷഹബാസ് ഭട്ടിയും ഇസ്ലാമാബാദില്‍ വെടിയേറ്റ്‌ മരിച്ചു.

2009-ല്‍ ജോലിക്കിടെ കുടിവെള്ളം സംബന്ധിച്ച് അയല്‍ക്കാരായ സ്ത്രീകളുമായുണ്ടായ തര്‍ക്കമാണ് വ്യാജമതനിന്ദയുടെ പേരില്‍ ആസിയയെ ജയിലിലാക്കിയത്. 2010-ല്‍ പാക്ക് കോടതി വധശിക്ഷ വിധിച്ചുവെങ്കിലും അന്താരാഷ്ട്ര സമൂഹത്തിന്റേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും ശക്തമായ സമ്മര്‍ദ്ധം മൂലം 2018-ല്‍ പാക് സുപ്രീകോടതി കുറ്റവിമുക്തയാക്കുകയായിരിന്നു. ഇതേ തുടര്‍ന്നു രാജ്യമെങ്ങും തീവ്ര മുസ്ലിം നിലപാടുള്ള സംഘടനകള്‍ തെരുവില്‍ ഇറങ്ങി വ്യാപക കലാപമാണ് അഴിച്ചുവിട്ടത്. ആസിയയെ തൂക്കിലേറ്റുക എന്നതടക്കമുള്ള പ്ലക്കാര്‍ഡുകള്‍ വഹിച്ചായിരിന്നു കലാപം. നിലവില്‍ കാനഡയിലെ ഒരു രഹസ്യ കേന്ദ്രത്തില്‍ തന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞു വരികയാണ് ആസിയ.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »