Life In Christ - 2024

താന്‍ മോചിതയായത് യേശു നിമിത്തം: ആസിയ ബീബി തുറന്നുപറച്ചില്‍

സ്വന്തം ലേഖകന്‍ 05-03-2020 - Thursday

പാരീസ്: താൻ മോചിതയായത് യേശു നിമിത്തം മാത്രമാണെന്ന് സാക്ഷ്യപ്പെടുത്തി കൊണ്ട് ആസിയ ബീബി. കഴിഞ്ഞ ദിവസം പാരീസിൽ വച്ചുനടന്ന പ്രസ്സ് കോൺഫറൻസിലാണ് വ്യാജ മതനിന്ദ ആരോപണത്തെ തുടർന്ന് ഒന്‍പതു വർഷത്തോളം തടവ് ശിക്ഷയനുഭവിച്ച് മോചിതയായ പാക്കിസ്ഥാനി ക്രിസ്ത്യന്‍ വനിത ആസിയ തന്റെ വിശ്വാസം തുറന്നു സാക്ഷ്യപ്പെടുത്തിയത്. യേശുവിലുള്ള വിശ്വാസം നിമിത്തമാണ് താന്‍ കുറ്റക്കാരിയായതെന്നും ആ യേശു തന്നെ മോചിപ്പിക്കുമെന്നു ഉറപ്പായിരുന്നുവെന്നും ആസിയ മാധ്യമങ്ങളോട് പറഞ്ഞു.

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട സമയത്ത് വിശ്വാസത്തില്‍ ആഴപ്പെട്ടിരിന്നുവെന്നും ദൈവം ഒരിക്കലും തന്നെ ഒറ്റയ്ക്കാക്കില്ലെന്നും ഉറച്ചു വിശ്വസിച്ചിരിന്നുവെന്നും ആസിയ സാക്ഷ്യപ്പെടുത്തി. തനിക്കായി പ്രാർത്ഥിച്ചവർക്കും പ്രവർത്തിച്ചവർക്കും നന്ദി അറിയിക്കുന്നതായും അവര്‍ പറഞ്ഞു. 2009-ല്‍ ജോലിക്കിടെ കുടിവെള്ളം സംബന്ധിച്ച് അയല്‍ക്കാരായ സ്ത്രീകളുമായുണ്ടായ തര്‍ക്കമാണ് വ്യാജമതനിന്ദയുടെ പേരില്‍ ആസിയയെ ജയിലിലാക്കിയത്. 2010-ല്‍ പാക്ക് കോടതി വധശിക്ഷ വിധിച്ചുവെങ്കിലും അന്താരാഷ്ട്ര സമൂഹത്തിന്റേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും ശക്തമായ സമ്മര്‍ദ്ധം മൂലം 2018-ല്‍ പാക് സുപ്രീകോടതി കുറ്റവിമുക്തയാക്കുകയായിരിന്നു.

എന്നാല്‍ ഇതേ തുടര്‍ന്നു ഇസ്ലാമിക സംഘടനകള്‍ വന്‍ ആക്രമണങ്ങളാണ് പാക്കിസ്ഥാനില്‍ അഴിച്ചുവിട്ടത്. വധഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആസിയ ബീബിക്ക് ഒടുവില്‍ കാനഡ അഭയം നല്‍കുകയായിരുന്നു. അതേസമയം കാനഡയിലെ ആസിയായുടെ അഭയാർത്ഥി പദവി ഈ വർഷത്തോടെ അവസാനിക്കും. ഫ്രാന്‍സില്‍ ആസിയയ്ക്കും കുടുംബത്തിനും അഭയം ഒരുക്കാന്‍ തയാറാണെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  


Related Articles »