News - 2025
ശാരീരിക ക്ഷീണം തുടരുന്നു, പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് പാപ്പ: നോമ്പുകാല ധ്യാനം ഒഴിവാക്കി
സ്വന്തം ലേഖകന്‍ 01-03-2020 - Sunday
റോം: ജലദോഷവും ശാരീരിക ക്ഷീണവും തുടരുന്ന പശ്ചാത്തലത്തില്‍ ഇന്നു ആരംഭിച്ച നോമ്പുകാല ധ്യാനത്തില്‍ പങ്കുചേരുന്നത് ഫ്രാന്‍സിസ് പാപ്പ ഒഴിവാക്കി. റോമിന്റെ തെക്ക് ഭാഗത്തുള്ള അരിസിയയിലെ പോളിൻ പിതാക്കന്മാരുടെ റിട്രീറ്റ് സെന്ററില്‍ നടക്കുന്ന ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ധ്യാനത്തില്‍ റോമൻ കൂരിയയിലെ അംഗങ്ങളോടൊപ്പം പാപ്പയും പങ്കുചേരുമെന്നായിരിന്നു വത്തിക്കാന്‍ നേരത്തെ അറിയിച്ചിരിന്നത്. എന്നാല്‍ ഇന്ന് വത്തിക്കാനിൽ മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കു ശേഷം വിശ്വാസികൾക്കായുള്ള സന്ദേശത്തിൽ തനിക്ക് കഠിനമായ ജലദോഷം മൂലം ഈ വർഷത്തെ ധ്യാനത്തിൽ പങ്കെടുക്കാൻ സാധിക്കില്ലായെന്ന് ഫ്രാൻസിസ് പാപ്പ അറിയിക്കുകയായിരിന്നു.
തന്റെ വസതിയില്‍ നിന്നുകൊണ്ടു ആത്മീയമായി ധ്യാനത്തില്‍ പങ്കുചേരുമെന്നും എല്ലാവരും തനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും പാപ്പ അഭ്യർത്ഥിച്ചു. ഇതിനിടെ ഇറ്റലിയുടെ വിവിധ ഭാഗങ്ങളിൽ കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഫ്രാൻസിസ് പാപ്പയ്ക്കും കൊറോണ ബാധയേറ്റു എന്ന തരത്തിൽ നവമാധ്യമങ്ങളില്‍ പ്രചരണമുണ്ടായിരിന്നു. എന്നാല്‍ ഇത് വത്തിക്കാന്‍ മാധ്യമങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. ക്ഷീണത്തെ തുടര്‍ന്നു കഴിഞ്ഞ മൂന്നു ദിവസങ്ങളായി പാപ്പ പൊതുജന സമ്പര്‍ക്കം ഒഴിവാക്കിയിരിന്നു. എന്നാല്‍ ഇന്നു ആഞ്ചലൂസ് പ്രാർത്ഥനയിൽ പങ്കുചേര്‍ന്നു സന്ദേശം നല്കിയത് വിശ്വാസികള്‍ക്ക് ആഹ്ലാദം പകര്‍ന്നിരിക്കുകയാണ്.
പാപ്പ എത്രയും വേഗം സുഖം പ്രാപിക്കാനും വന്ദ്യ പിതാവിന്റെ നിയോഗങ്ങളില്‍ ദൈവകൃപ ചൊരിയാനും നമ്മുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കാം.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക