India - 2025
റോബിന്റെ പൗരോഹിത്യം പാപ്പ നീക്കി: മുന്‍ കന്യാസ്ത്രീ ലൂസി കളപ്പുരയുടെ അപ്പീല്‍ വീണ്ടും തള്ളി
03-03-2020 - Tuesday
മാനന്തവാടി: പോക്‌സോ കേസില്‍ ശിക്ഷ അനുഭവിക്കുന്ന റോബിന്‍ വടക്കുംചേരിയെ പൗരോഹിത്യശുശ്രൂഷയില്‍നിന്നു ഫ്രാന്‍സിസ് മാര്‍പാപ്പ നീക്കംചെയ്തു. 2019 ഡിസംബര്‍ അഞ്ചിനു മാര്‍പാപ്പ പുറപ്പെടുവിച്ച ഡിക്രി, മാനന്തവാടി രൂപത കാര്യാലയംവഴി റോബിന്‍ വടക്കുംചേരി ഒപ്പിട്ടു സ്വീകരിച്ചു. ഇതോടെ റോബിന്‍ വടക്കുംചേരിയെ പൗരോഹിത്യശുശ്രൂഷയില്‍നിന്നു നീക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ഒരു വ്യക്തിയെ പൗരോഹിത്യശുശ്രൂഷയില്‍നിന്നു നീക്കംചെയ്യാന്‍ മാര്‍പാപ്പയ്ക്കു മാത്രമാണ് അധികാരം. കത്തോലിക്കാ സഭയിൽ ഒരാൾക്കെതിരെ ശിക്ഷ വിധിക്കുന്നത് കൃത്യമായ അവലോകനങ്ങൾക്ക് ശേഷം മാത്രമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് റോബിൻ വടക്കുംചേരിയെ വൈദീകവൃത്തിയിൽ പരിശുദ്ധ സിംഹാസനം പുറത്താക്കിയ നടപടി.
റോബിന്‍ ഡിക്രി ഒപ്പിട്ടു സ്വീകരിച്ചതിന്റെ രേഖ രൂപതയില്‍ നിന്നു റോമിലേക്ക് അയച്ചു. മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അന്വേഷണവും നടപടികളും പൂര്‍ത്തിയാക്കി റോമിലെ വിശ്വാസതിരുസംഘം നല്‍കിയ ശിപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു മാര്‍പാപ്പയുടെ ഉത്തരവ്. സഭാതലത്തിലുള്ള പ്രാഥമികാന്വേഷണം നടത്തി 2017 ഫെബ്രുവരി 27നു റോബിനെ പൗരോഹിത്യശുശ്രൂഷയില്‍നിന്നു മാനന്തവാടി രൂപതാധ്യക്ഷന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിശദമായ അന്വേഷണത്തിന് അന്നുതന്നെ കമ്മീഷനെയും നിയോഗിച്ചു.2017 മാര്‍ച്ചില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
സഭാ നിയമപ്രകാരം റോമിലെ വിശ്വാസതിരുസംഘത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു, കാനോനികമായ എല്ലാ നടപടിക്രമങ്ങളും. അതിനാല്‍ റിപ്പോര്‍ട്ട് വിശ്വാസതിരുസംഘത്തിന് കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒമ്പതിനു കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് റോബിനെ പൗരോഹിത്യശുശ്രൂഷയില്‍നിന്നു നീക്കുന്നതിനുള്ള നടപടികള്‍ ജൂണ്‍ 21ന് റോമില്‍ ആരംഭിച്ചത്. തലശേരി പോക്‌സോ കോടതി കഴിഞ്ഞവര്‍ഷം ഫെബ്രുവരി 19നാണ് റോബിന് 20 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചത്.
അതേസമയം ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭയില്‍നിന്നു പുറത്താക്കിയതിനെതിരേ ലൂസി കളപ്പുര നല്‍കിയ രണ്ടാമത്തെ അപ്പീലും വത്തിക്കാന്‍ തള്ളി. സഭയില്‍നിന്നു പുറത്താക്കിയ നടപടി റദ്ദ് ചെയ്യണമെന്നഭ്യര്‍ഥിച്ചു സമര്‍പ്പിച്ച അപ്പീലാണു തള്ളിയത്. ഇതു സംബന്ധിച്ച ഉത്തരവ് ഇപ്പോള്‍ എഫ്‌സിസി കാരക്കാമല മഠത്തിലുള്ള ലൂസിക്കു ലഭിച്ചു. എന്നാല്‍ മഠത്തില്‍നിന്നു ഒരിയ്ക്കലും പുറത്തുപോകില്ലെന്നാണ് മുന്‍ കന്യാസ്ത്രീയുടെ നിലപാട്.
![](/images/close.png)