Faith And Reason
പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി ലൂസിഫെറിയന്‍ തടവറ ഉപേക്ഷിച്ച് പൗരോഹിത്യം സ്വീകരിച്ച വൈദികന്‍
പ്രവാചകശബ്ദം 25-07-2022 - Monday
മെറ്റ്സ് (ഫ്രാന്‍സ്): പൈശാചികമായ ലൂസിഫെറിയന്‍ പ്രസ്ഥാനത്തില്‍ ദീര്‍ഘകാലം അംഗമായി തുടരുകയും ഒടുവില്‍ ക്രിസ്തുവില്‍ അഭയം കണ്ടെത്തി, ദൈവസേവനത്തിനായി ജീവിതം സമര്‍പ്പിക്കുകയും ചെയ്ത ഫാ. ജീന്‍ ക്രിസ്റ്റഫെ തിബൌട്ട് ക്രൈസ്തവര്‍ ആഭിചാര പ്രവണതകള്‍ക്ക് പിന്നാലെ പോകുന്നതില്‍ മുന്നറിയിപ്പുമായി രംഗത്ത്. വര്‍ഷങ്ങളായി അന്ധകാരത്തിന്റെ തടവില്‍ കഴിഞ്ഞിരുന്ന തന്നെ ഒരു മിന്നല്‍ പോലെ കടന്നുവന്ന് രക്ഷിച്ച പരിശുദ്ധാത്മാവിന്റെ ഇടപെടലിനെ കുറിച്ചും ക്രൈസ്തവ സമൂഹം നേരിടുന്ന പൈശാചിക ആഭിമുഖ്യങ്ങളിലുള്ള അപകടങ്ങളെ കുറിച്ചും വടക്കുകിഴക്കന്‍ ഫ്രാന്‍സിലെ മെറ്റ്സ് രൂപതാംഗമായ ഫാ. തിബൌട്ട് കാത്തലിക് രജിസ്റ്ററിന് നല്‍കിയ അഭിമുഖത്തില്‍ വിവരിച്ചു.
‘ലാ പ്രിസണ്‍ ഡെസ് എസ്പിരിസ്’ (ആത്മാക്കളുടെ തടവറ) എന്ന തന്റെ പുതിയ പുസ്തകത്തെക്കുറിച്ചും ഫാ. തിബൌട്ട് സംസാരിച്ചു. കത്തോലിക്ക വിശ്വാസം സ്വീകരിച്ച ഒളിവിയര്‍ ജോളിയുമായി സഹകരിച്ചാണ് അദ്ദേഹം ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്. കത്തോലിക്ക സഭയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന നിരുപദ്രവകരം എന്ന് തോന്നുന്ന ചില അപകടങ്ങളെ കുറിച്ചാണ് ഈ പുസ്തകത്തില്‍ വിവരിക്കുന്നത്. വിശ്വാസ പരിവര്‍ത്തനം മുതല്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലും വ്യാപിച്ചിട്ടുള്ള മന്ത്രവാദം, ഭാവിപ്രവചനം, ആത്മാക്കളുമായുള്ള സംവാദം പോലെയുള്ള നിഗൂഢ ആചാരങ്ങളില്‍ ഉപദ്രവകരമായ പൈശാചിക തിന്‍മയുണ്ടെന്ന് അദ്ദേഹം വിവരിച്ചു.
മന്ത്രവാദം, നിഗൂഢ തത്വശാസ്ത്രം (ഇസോടെറിസിസം 2.0) പോലെയുള്ള ആചാരങ്ങള്‍ ക്രൈസ്തവരെ പ്രാകൃത വിഗ്രഹാരാധനയിലേക്ക് നയിക്കുമെന്ന ആശങ്കയും അദ്ദേഹം അഭിമുഖത്തില്‍ പങ്കുവെച്ചു. മൈക്കേല്‍ ഡോര്‍ എന്ന തൂലികാ നാമത്തില്‍ മാലാഖമാരേയും പിശാചുക്കളെയും ഇതിവൃത്തമാക്കിക്കൊണ്ട് നിരവധി ഗ്രന്ഥങ്ങളും ഫാ. തിബൌട്ട് രചിച്ചിട്ടുണ്ട്. ഹാരി പോട്ടറിന് വളരെ ജനസമ്മതിയുണ്ടായിരുന്ന കാലത്ത് യുവാക്കള്‍ക്ക് ഏറെ വസ്തുനിഷ്ഠമായ കാര്യങ്ങള്‍ മനസ്സിലാക്കി കൊടുക്കുവാനാണ് താന്‍ രചന തുടങ്ങിയതെന്നും ക്രിസ്ത്യാനികളെ മാത്രമല്ല മുഴുവന്‍ ആളുകളേയും ഉദ്ദേശിച്ചുള്ള രചനകള്‍ ആയതിനാലാണ് 'മൈക്കേല്‍ ഡോര്‍' തൂലികനാമം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഹാരിപോട്ടര്‍ പോലെയുള്ള പുസ്തകങ്ങളുടെ കുഴപ്പമെന്താണെന്ന ചോദ്യത്തിന്, ഇത്തരം പുസ്തകങ്ങള്‍ മന്ത്രവാദത്തോടും ആഭിചാരത്തോടുമുള്ള യുവജനങ്ങളുടെ താല്‍പ്പര്യം വര്‍ദ്ധിപ്പിക്കുമെന്നും ഇതുവഴി ക്രിസ്ത്യന്‍ യുവത്വവും മന്ത്രവാദത്തില്‍ ആകൃഷ്ടരാകുന്നുണ്ടെന്നും ഇതില്‍ വലിയ തിന്‍മയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിരീശ്വരവാദികളായ അധ്യാപകരുടെ കുടുംബത്തില്‍ നിന്നുമാണ് താന്‍ വരുന്നത്. പിന്നീട് ലൂസിഫെറിയന്‍ വിശ്വാസത്തില്‍ ആകൃഷ്ടനായി. (സാത്താന്‍ ആരാധനയില്‍ നിന്നും വിഭിന്നവും, ലൂസിഫറിന്റെ സ്വഭാവത്തെ പൈശാചികമായി കാണുന്നതിന് പകരം ലൂസിഫറിനെ വിമോചകനും മാര്‍ഗ്ഗദീപവുമായി വിശ്വസിക്കുന്ന പ്രസ്ഥാനം) . 8 വയസ്സുള്ളപ്പോള്‍ വായിച്ച ഒരു പുസ്തകത്തില്‍ പറഞ്ഞിട്ടുള്ളതനുസരിച്ച് ഒരു പെന്‍ഡുലം ഉപയോഗിച്ച് തങ്ങളുടെ ഫാം ഹൗസില്‍ ഒളിപ്പിച്ചുവെച്ചിരുന്ന വസ്തുക്കള്‍ താന്‍ കണ്ടെത്തുമായിരുന്നു.
അങ്ങനെ നിഗൂഢമായ രഹസ്യതത്വശാസ്ത്രത്തില്‍ ആത്മാക്കളുമായി ബന്ധപ്പെടുവാന്‍ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പിന്നീട് ആരേയും അമ്പരിപ്പിക്കുന്ന ഒരു മനപരിവര്‍ത്തനമാണ് തിബൌട്ടില്‍ ഉണ്ടായത്. മനശാസ്ത്രം പഠിക്കുന്ന കാലത്ത് ഒരു റെവല്യൂഷണറി കമ്മ്യൂണിസ്റ്റ് ലീഗില്‍ അംഗമായി. ഒരു കത്തോലിക്ക ചാപ്ലൈന്‍സിയുടെ മുകളിലായിരുന്നു സംഘടനയുടെ കൂടിക്കാഴ്ചകള്‍. അതൊരു നിമിത്തമായിരുന്നു എന്നാണ് ഫാ. തിബൌട്ട് പറയുന്നത്. ചാപ്ലൈന്‍സിയിലെ പ്രാര്‍ത്ഥനാ സംഘത്തെ നിഷ്ക്രിയമാക്കുവാന്‍ നുഴഞ്ഞുകയറ്റക്കാരുടെ ഒരു സംഘത്തിന് തന്നെ അവര്‍ രൂപം നല്‍കി.
ദൈവമില്ലെന്നു വരുത്തിത്തീര്‍ക്കുവാന്‍ താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം പ്രാര്‍ത്ഥന സംഘത്തിന്റെ നേതാവ് നല്‍കിയിരുന്ന മറുപടി അദ്ദേഹത്തെ അമ്പരപ്പിച്ചു. ഒരു രാത്രിയില്‍ നടന്ന പ്രാര്‍ത്ഥനായോഗമാണ് ഫാ. തിബൌട്ടിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. ആ പ്രാര്‍ത്ഥന തന്റെ ഹൃദയം തുറന്നുവെന്നും പരിശുദ്ധാത്മാവ് തന്റെ ഹൃദയത്തിലേക്ക് ഇറങ്ങിവരുന്നത് താന്‍ അനുഭവിച്ചുവെന്നും അദ്ദേഹം പറയുന്നു. രണ്ടു മണിക്കൂറോളം മുട്ടിന്‍മേല്‍ നിന്ന് പ്രാര്‍ത്ഥിച്ച ശേഷം എഴുന്നേറ്റ ഫാ. തിബൌട്ട് ഒരു ദൈവ വിശ്വാസിയായി മാറിക്കഴിഞ്ഞിരുന്നു.
വൈകാതെ അദ്ദേഹം തിരുപ്പട്ടം സ്വീകരിക്കുകയായിരിന്നു. ദൈവം അതിശക്തനാണെന്ന് സമ്മതിക്കുന്ന ഫാ. തിബൌട്ട് മന്ത്രവാദം പോലെയുള്ള ദുരാചാരങ്ങള്‍ക്കെതിരെ പോരാടുവാന്‍ കത്തോലിക്കര്‍ക്ക് ശരിയായ രൂപീകരണം നല്‍കണമെന്ന് പറഞ്ഞുകൊണ്ടാണ് തന്റെ അഭിമുഖം അവസാനിപ്പിച്ചത്. ഇന്ന്‍ പൈശാചിക തിന്മകളില്‍ നിന്നും സ്വാധീനങ്ങളില്‍ നിന്നും അനേകരെ മോചിപ്പിക്കുവാനുള്ള ശ്രദ്ധേയമായ ദൗത്യവുമായി മുന്നോട്ടു പോകുകയാണ് ഈ വൈദികന്‍.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക