News - 2024

സിനഡുകളുടെ അധികാര പരിധിയെപ്പറ്റി ചർച്ച ചെയ്യാൻ ആഗോള മെത്രാൻ സിനഡ് 2022ൽ

സ്വന്തം ലേഖകന്‍ 09-03-2020 - Monday

റോം: സിനഡുകളുടെ അധികാര പരിധിയേയും, പ്രവർത്തന രീതിയേയും പറ്റി ചർച്ച ചെയ്യാനായി വത്തിക്കാന്‍ പുതിയ സിനഡ് പ്രഖ്യാപിച്ചു. 2022 ഒക്ടോബർ മാസത്തിൽ നടത്തുവാന്‍ പദ്ധതിയിട്ടിരിക്കുന്ന മെത്രാൻമാരുടെ സാധാരണ സിനഡ് സമ്മേളനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വത്തിക്കാന്‍ പുറത്തുവിട്ടത്. 'സിനഡൽ സഭയ്ക്കുവേണ്ടി: കൂട്ടായ്മ, പങ്കെടുക്കൽ, ദൗത്യം' എന്നതായിരിക്കും സിനഡിന്റെ പ്രമേയ വിഷയം. സിനഡിന്റെ അധികാരപരിധി എന്ന വിഷയം ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക ദൌത്യത്തില്‍ തുടർച്ചയായ പല വേദികളിൽ ചർച്ചയ്ക്ക് വന്നിരുന്നു. 2018ൽ നടന്ന യുവജന സിനഡിലും പ്രസ്തുത വിഷയം ചർച്ച ചെയ്യപ്പെട്ടിരുന്നു.

"ക്രിസ്തുവിന്റെ ശരീരത്തിലെ കൂട്ടായ്മയിലും, ദൈവജനത്തിന്റെ മിഷൻ യാത്രയിലും, പരിശുദ്ധാത്മാവിന്റെ പ്രവർത്തനം" എന്നതാണ് സിനഡാലിറ്റിക്ക് അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷൻ നൽകുന്ന നിർവചനം. ഓരോരുത്തർക്കും ലഭിച്ചിരിക്കുന്ന വിളിയിൽ ഊന്നി, ബിഷപ്പുമാരും, വൈദികരും, അൽമായരും പരിശുദ്ധാത്മാവിന്റെ സഹായത്താൽ വിവിധ വിഷയങ്ങളെ സംബന്ധിച്ച് എടുക്കുന്ന തീരുമാനങ്ങളെയാണ് സിനഡാലിറ്റി എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്. സിനഡാലിറ്റി ആയിരിക്കും ഭാവിയിലെ സഭയുടെ താക്കോലെന്ന്, വിശ്വാസ തിരുസംഘത്തിന്റെ ഭാഗമായുള്ള ദൈവശാസ്ത്ര കമ്മീഷനോട് നവംബർ മാസം ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിരുന്നു.

മാർപാപ്പയ്ക്ക് കൃത്യമായ വിവരങ്ങൾ കൈമാറാൻ വേണ്ടി, മെത്രാന്മാർ ദൈവശാസ്ത്ര വിഷയങ്ങളെ സംബന്ധിച്ചും സഭയിലെ അജപാലനപരമായ കാര്യങ്ങളെ കുറിച്ചും നടത്തുന്ന ചർച്ചകളെയാണ് സിനഡ് എന്ന് വിളിക്കുന്നത്. 1965-ല്‍ പോൾ ആറാമൻ മാർപാപ്പയാണ് മാര്‍പാപ്പയും ആഗോളതലത്തിലുള്ള മെത്രാന്‍മാരും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുവാന്‍ മെത്രാന്മാരുടെ സിനഡ് ആരംഭിച്ചത്. മൂന്നു തരത്തിലുള്ള സിനഡുകളാണുള്ളത്. സാധാരണ സിനഡ് സമ്മേളനം നടക്കുന്നത് മൂന്ന് വർഷം കൂടുമ്പോഴാണ്. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്ന് നിയമിക്കുന്ന പ്രതിനിധികൾ വോട്ടിനിട്ടാണ് സാധാരണ സിനഡിന്റെ പ്രമേയ വിഷയം നിശ്ചയിക്കുന്നത്. ഇതുവരെ പതിനഞ്ചോളം സാധാരണ സിനഡ് സമ്മേളനങ്ങൾ നടന്നിട്ടുണ്ട്. സാധാരണ സിനഡ് കൂടാതെ അസാധാരണ സിനഡും, പ്രത്യേക സിനഡുമുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »