News - 2025
ധാര്‍മ്മിക മൂല്യങ്ങള്‍ തള്ളികളഞ്ഞു കൊണ്ടുള്ള യുഎന്‍ റിപ്പോര്‍ട്ടിന് വത്തിക്കാന്റെ കടുത്ത വിമര്‍ശനം
സ്വന്തം ലേഖകന്‍ 09-03-2020 - Monday
ജെനീവ: ഗര്‍ഭഛിദ്രം, എല്‍ജിബിറ്റി, ജെന്‍ഡര്‍ ഐഡിയോളജി തുടങ്ങിയവയെ പിന്തുണയ്ക്കുന്ന തരത്തില്‍ മതധാര്‍മ്മിക നിയമങ്ങള്‍ പൊളിച്ചെഴുതണമെന്ന ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടിന് കടുത്ത വിമര്‍ശനവുമായി വത്തിക്കാന്‍. ഭ്രൂണഹത്യ, സ്വവര്‍ഗ്ഗാനുരാഗം, ജെന്‍ഡര്‍ ഐഡിയോളജി തുടങ്ങിയ വിഷയങ്ങളിലെ ധാര്‍മ്മികതയെ തള്ളികളഞ്ഞു കൊണ്ട് യുഎന്‍ മതവിശ്വാസ സ്വാതന്ത്ര്യത്തിന്റെ പ്രത്യേക റിപ്പോര്‍ട്ടറായ അഹ്മദ് ഷഹീദാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ഇതിനെ അപലപിച്ച ഐക്യരാഷ്ട്ര സഭയിലെ വത്തിക്കാന്‍ സ്ഥിര നിരീക്ഷകനായ ആര്‍ച്ച് ബിഷപ്പ് ഇവാന്‍ ജുര്‍ക്കോവിച്ച് അന്താരാഷ്ട്ര സംഘടന തലങ്ങളില്‍ നിക്ഷിപ്ത താല്‍പര്യക്കാരുടെ സ്വാധീനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് വത്തിക്കാന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി.
ലോകമെങ്ങുമായി ദശലക്ഷകണക്കിന് ആളുകള്‍ മതപീഡനത്തിനിരയായി കൊണ്ടിരിക്കുന്ന കാര്യത്തില്‍ ഐക്യരാഷ്ട്രസഭ പരാജയപ്പെട്ടുവെന്നും അതിനു പകരം നിരവധി ആളുകളുടെ മതപരവും, സാംസ്കാരികവുമായി മൂല്യങ്ങളെ പങ്കുവെക്കുവാനോ, പ്രതിഫലിപ്പിക്കുവാനോ തയ്യാറാകാത്ത മനുഷ്യസമൂഹമെന്ന ആശയവുമായി മുന്നോട്ട് പോവുകയാണെന്നും ഇക്കഴിഞ്ഞ തിങ്കളാഴ്ച ജെനീവയില്‍ വെച്ച് നടന്ന മനുഷ്യാവകാശ സമിതിയുടെ 43-മത് യോഗത്തില്‍ ആര്‍ച്ച് ബിഷപ്പ് ആരോപിച്ചു. സ്വവര്‍ഗ്ഗാനുരാഗത്തിനും, ഭ്രൂണഹത്യക്കും വിലക്കേര്‍പ്പെടുത്തിയിട്ടുള്ള കത്തോലിക്ക രാജ്യങ്ങളെ യുഎന്‍ റിപ്പോര്‍ട്ട് അധിക്ഷേപിക്കുന്നുണ്ട്. ഇതിനെയും വത്തിക്കാന്‍ വിമര്‍ശിച്ചു. സ്ത്രീയും-പുരുഷനും തമ്മിലുള്ള ജൈവശാസ്ത്രപരമായ വ്യത്യാസങ്ങളെ നിരാകരിക്കുന്ന ജെന്‍ഡര്‍ തിയറിയെ വത്തിക്കാന്റെ കത്തോലിക്ക വിദ്യാഭ്യാസ തിരുസംഘം കഴിഞ്ഞ വര്‍ഷം തള്ളിക്കളഞ്ഞിരുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക