News - 2024

മെക്സിക്കോയില്‍ ദേവാലയങ്ങള്‍ക്ക് നേരെ ഫെമിനിസ്റ്റുകളുടെ ആക്രമണം

സ്വന്തം ലേഖകന്‍ 12-03-2020 - Thursday

മെക്സിക്കോ സിറ്റി: അന്താരാഷ്ട്ര വനിത ദിനത്തിന്റെ പിറ്റേന്ന് മെക്സിക്കോയില്‍ ഉടനീളം കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് നേരെ ഫെമിനിസ്റ്റുകളുടെ വ്യാപക ആക്രമണം. വനിതാദിനത്തിന്റെ പിറ്റേ ദിവസമായ മാര്‍ച്ച് ഒന്‍പതിന് സ്ത്രീകള്‍ക്ക് നേര്‍ക്ക് നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് നടത്തിയ റാലികളാണ് അക്രമാസക്തമായത്. സമാധാനപൂര്‍ണ്ണമായി ആരംഭിച്ച റാലികള്‍ ദേവാലയങ്ങള്‍ക്ക് മുന്നിലെത്തിയപ്പോള്‍ അക്രമാസക്തമാവുകയായിരുന്നു. പെയിന്റും, പെട്രോള്‍ ബോംബുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. മെക്സിക്കോ സിറ്റിയിലെ ദേവാലയത്തിനു നേര്‍ക്ക് ആക്രമണങ്ങള്‍ അഴിച്ചു വിട്ട സ്ത്രീകളെ വനിത പോലീസെത്തിയാണ് കീഴടക്കിയത്. വനിതാദിനത്തില്‍ ദേവാലയങ്ങളുടെ നേര്‍ക്ക് ഫെമിനിസ്റ്റുകളുടെ ആക്രമണം പതിവായതിനാല്‍ ദേവാലയങ്ങളുടെ സംരക്ഷണത്തിനായി വിശ്വാസികളും രംഗത്തുണ്ടായിരുന്നു.

സോണോര സംസ്ഥാനത്തിലെ ഹെര്‍മോസില്ലോ ദേവാലയമാണ് ഏറ്റവും കടുത്ത ആക്രമണത്തിനിരയായത്. ദേവാലയത്തിനകത്ത് എണ്‍പതോളം വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം. മുഖം മറച്ചെത്തിയ അക്രമികളുടെ പെട്ടെന്നുള്ള തള്ളിക്കയറ്റത്തില്‍ പേടിച്ചരണ്ട വിശ്വാസികള്‍ സ്വയം പ്രതിരോധ മറ തീര്‍ത്തും, ബെഞ്ചുകള്‍ കൊണ്ട് വാതിലുകള്‍ മറച്ചുമായിരുന്നു ദേവാലയത്തിന്റെ ഉള്‍വശം സംരക്ഷിച്ചത്. എന്നാല്‍ അബോര്‍ഷന്‍ അനുകൂല മുദ്രാവാക്യങ്ങളുമായി സ്ത്രീപക്ഷ വാദികള്‍ ആക്രമണം നടത്തുകയായിരിന്നു. ദേവാലയത്തിനകത്തുണ്ടായിരുന്ന വിശ്വാസികളെ നാഷണല്‍ ഗാര്‍ഡുകള്‍ വശങ്ങളിലുള്ള വാതിലുകള്‍ വഴിയാണ് പുറത്തെത്തിച്ചത്. ദേവാലയത്തിന്റെ വാതിലിലെ ചില്ലുകള്‍ അക്രമകാരികള്‍ തകര്‍ത്തു.

മെക്സിക്കോയിലെ ചില മെത്രാന്മാര്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിക്കുകയും, സ്ത്രീകളുടെ സമരത്തിന് പിന്തുണയര്‍പ്പിച്ചിട്ടുപോലും ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടത് അപലപനീയമാണെന്നാണ് വിലയിരുത്തല്‍. പുരുഷ മേധാവിത്വവും അമിതമായ വര്‍ഗ്ഗസ്നേഹവുമാണ് സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുവാനുള്ള കാരണമെന്നു മെക്സിക്കോ സിറ്റി കര്‍ദ്ദിനാള്‍ കാര്‍ലോസ് അഗ്വിയാര്‍ റീറ്റസ് പറഞ്ഞു. മെക്സിക്കോക്ക് പുറമേ അന്താരാഷ്ട്ര വനിതാദിനത്തില്‍ കൊളംബിയയിലും ദേവാലയങ്ങള്‍ക്ക് നേര്‍ക്ക് ഫെമിനിസ്റ്റുകളുടെ ആക്രമണങ്ങള്‍ ഉണ്ടായി. കൊളംബിയയിലെ ബൊഗോട്ടായിലെ ലാ സാഗ്രാഡ പാഷന്‍ ദേവാലയവും ആക്രമിക്കപ്പെട്ട ദേവാലയങ്ങളില്‍ ഉള്‍പ്പെടുന്നു. ഫ്രാന്‍സിസ് പാപ്പയുടെ നാടായ അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സ് കത്തീഡ്രലിന്റെ നടുമുറ്റം പ്രതിഷേധക്കാര്‍ വൃത്തിഹീനമാക്കി. ഗര്‍ഭഛിദ്രം, സ്വവര്‍ഗ്ഗ വിവാഹം തുടങ്ങിയ വിഷയങ്ങളില്‍ കത്തോലിക്ക സഭ സ്വീകരിക്കുന്ന നിലപാടുകളാണ് ഫെമിനിസ്റ്റുകളുടെ കത്തോലിക്ക വിരുദ്ധതയ്ക്കു കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »