News - 2025

പത്രോസിന്റെ സിംഹാസനത്തില്‍ ഏഴു വര്‍ഷം പിന്നിട്ട് ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 13-03-2020 - Friday

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷ സ്ഥാനം ഫ്രാന്‍സിസ് പാപ്പ ഏറ്റെടുത്തിട്ട് ഇന്നേക്ക് (മാർച്ച് പതിമൂന്നാം തീയതി) ഏഴു വര്‍ഷം. ബനഡിക്ട് പതിനാറാമന്‍ പാപ്പയുടെ സ്ഥാനത്യാഗത്തെ തുടര്‍ന്നു 2013 മാർച്ചിൽ നടന്ന കോൺക്ലേവിലാണ് സഭാ ചരിത്രത്തിലെ 266-ാമത്തെ മാര്‍പാപ്പയായി അര്‍ജന്റീനക്കാരനായ ജോര്‍ജി മരിയോ ബെര്‍ഗോളിയോ തെരഞ്ഞെടുക്കപ്പെട്ടത്. കൂടെനടന്നു നയിക്കുന്ന നല്ലിടയനാണ് ഫ്രാന്‍സിസ് പാപ്പയെന്ന് വത്തിക്കാന്‍ മാധ്യമങ്ങളുടെ മുഖ്യപത്രാധിപര്‍ അന്ത്രയാ തൊര്‍ണിയേലി പ്രസ്താവിച്ചു. അനുദിനമെന്നോണം ജനങ്ങള്‍ക്കൊപ്പം സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിക്കുന്ന ദിവ്യബലി പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക സ്ഥാനത്തിന്‍റെ സവിശേഷതയാണെന്നും, അവിടെനിന്നും ഉതിരുന്ന ദൈവവചനത്തിന്‍റെ കാലികപ്രസക്തിയുള്ള വ്യാഖ്യാനം ശ്രവിക്കാന്‍ ലോകം കാതോര്‍ക്കുന്നുന്നത് തനിമയാര്‍ന്ന ഈ അജപാലന നേതൃത്വത്തിന്‍റെ ശക്തിയായും തൊര്‍ണിയേലി വ്യാഖ്യാനിച്ചു.

നഗരത്തില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് വാടയ്ക്ക് എടുത്ത ശേഷം തനിയെ ഭക്ഷണം പാകം ചെയ്താണ് ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പായിരുന്നപ്പോള്‍ ജോര്‍ജ് ബെർഗോളി (ഫ്രാന്‍സിസ് പാപ്പ) ജീവിച്ചിരുന്നത്. വത്തിക്കാനിലെ അപ്പസ്‌ത്തോലിക കൊട്ടാരമാണ് മാര്‍പാപ്പമാരുടെ ഔദ്യോഗിക വസതി. എന്നാല്‍ അവിടെ നിന്നും മാറി സാന്താ മാര്‍ത്തയിലെ രണ്ടു മുറികള്‍ ചേര്‍ന്ന കെട്ടിടത്തിലാണ് പത്രോസിന്റെ പിന്‍ഗാമി ഇന്ന്‍ ജീവിക്കുന്നത്. കുടുംബത്തെ ആസ്പദമാക്കി രണ്ടെണ്ണവും, യുവജനങ്ങളെ കുറിച്ചുള്ള ഒരെണ്ണവും, ആമസോണില്‍ നടന്നതും കൂട്ടി മെത്രാന്‍മാരുടെ ആകെ നാലു സിനഡുകളാണ് ഫ്രാന്‍സിസ് പാപ്പ ഇക്കാലയളവില്‍ വിളിച്ചു ചേര്‍ത്തത്.


Related Articles »