News - 2025

ഇന്ന് രാത്രി ഒന്‍പതു മണിക്ക് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പയുടെ ആഹ്വാനം

സ്വന്തം ലേഖകന്‍ 19-03-2020 - Thursday

വത്തിക്കാന്‍ സിറ്റി: വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനമായ ഇന്ന് (മാർച്ച് 19 ) ഇറ്റാലിയൻ സമയം 9 മണിക്ക് ( ഇന്ത്യൻ സമയം പുലർച്ചെ ഒന്നരയ്ക്ക്) കുടുംബങ്ങളുടെ സംരക്ഷണത്തിനുവേണ്ടി ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്ന് വിശ്വാസി സമൂഹത്തോട് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. ബുധനാഴ്ച വത്തിക്കാന്‍ ലൈബ്രറിയില്‍ നടന്ന പൊതു ദർശന സന്ദേശത്തിന് ശേഷമാണ് പാപ്പയുടെ ആഹ്വാനം. നേരത്തെ പ്രകാശത്തിന്റെ രഹസ്യങ്ങൾ രാത്രി ഒന്‍പതു മണിക്ക് ചൊല്ലണമെന്ന് ഇറ്റാലിയൻ മെത്രാന്മാർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്തുണയെന്നോണമാണ് ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം വന്നിരിക്കുന്നത്. പാപ്പയുടെ പ്രഖ്യാപനത്തോടു കൂടി ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹം ഒരേസമയത്ത് ഒരു പ്രാർത്ഥനാ ചങ്ങല തന്നെ തീർക്കാനായുളള ഒരുക്കത്തിലാണ്.

എല്ലാ കുടുംബങ്ങളും, ഓരോ വിശ്വാസിയും, എല്ലാ സന്യാസ സമൂഹങ്ങളും ഒത്തൊരുമിച്ചു ഒന്‍പതു മണിക്ക് ജപമാല ചൊല്ലുമെന്ന്‍ മാർപാപ്പ പറഞ്ഞു. ആഹ്വാനത്തിന് ശേഷം പരിശുദ്ധ കന്യകാമറിയത്തോട് മാർപാപ്പ മാദ്ധ്യസ്ഥം തേടി. "പരിശുദ്ധ അമ്മ- ദൈവ മാതാവേ, രോഗികളുടെ ആരോഗ്യമേ, ഞങ്ങളുടെ ജപമാല പ്രാർത്ഥനകൾ അമ്മയുടെ സന്നിധിയിലേക്ക് തിരു കുടുംബങ്ങളുടെ സംരക്ഷകനായ യൗസേപ്പിതാവിനൊപ്പം ഞങ്ങൾ സമർപ്പിക്കുന്നു. ക്രിസ്തുവിൻറെ രൂപാന്തരപ്പെട്ട മുഖവും ഹൃദയവും ഞങ്ങള്‍ക്ക് ദൃശ്യമാക്കണമേ. ഞങ്ങളുടെ കുടുംബങ്ങളെ പ്രത്യേകമായി സംരക്ഷിക്കാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു. പ്രത്യേകിച്ച് രോഗികളെയും, അവരെ പരിചരിക്കുന്ന ഡോക്ടർമാരെയും, നഴ്സുമാരെയും, ജീവൻ പണയപ്പെടുത്തി ജോലി ചെയ്യുന്ന മറ്റുള്ളവരെയും പ്രത്യേകമായി സമർപ്പിക്കുന്നു". ഇതായിരിന്നു പാപ്പയുടെ പ്രാര്‍ത്ഥന.

ജീവിതത്തിലും ജോലി മേഖലയിലും സന്തോഷത്തിലും ദുഃഖത്തിലും, കർത്താവിനെ അന്വേഷിക്കുകയും, അവിടുത്തെ സ്നേഹിക്കുകയും ചെയ്ത യൗസേപ്പിതാവ് ബൈബിളിൽ പറയുന്ന പോലെ നീതിമാനെന്ന വിളിക്ക് യോഗ്യനാകുകയായിരിന്നുവെന്ന് മാർപാപ്പ നേരത്തെ സന്ദേശത്തില്‍ പറഞ്ഞു. എപ്പോഴും, പ്രത്യേകിച്ച് ദുരന്ത സമയങ്ങളിൽ യൗസേപ്പിതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കാനും, നമ്മുടെ ജീവിതങ്ങൾ യൗസേപ്പിതാവിനു ഭരമേൽപ്പിക്കാനും പാപ്പ ആഹ്വാനം ചെയ്തു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »