India
'തൂക്കികൊല്ലുന്നതോടെ ഇത്തരം കുറ്റകൃത്യങ്ങള്‍ അവസാനിക്കുമോ?' ചോദ്യമുയര്‍ത്തി ജസ്റ്റിസ് കുര്യന്‍ ജോസഫ്
സ്വന്തം ലേഖകന്‍ 19-03-2020 - Thursday
ന്യൂഡല്‍ഹി: നിര്‍ഭയ പ്രതികളെ തൂക്കികൊല്ലുന്നതോടെ ഇത്തരം കുറ്റകൃത്യങ്ങള്‍ അവസാനിക്കുമോ എന്ന ചോദ്യമുയര്‍ത്തി മുന്‍ സുപ്രീംകോടതി ജഡ്ജിയും മലയാളിയുമായ ജസ്റ്റിസ് കുര്യന്‍ ജോസഫ്. നിര്‍ഭയ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിലൂടെ ഇരയുടെ മാതാപിതാക്കള്‍ക്ക് നീതി നല്‍കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ നിങ്ങളുടെ ജീവനെടുത്താല്‍ അതിനര്‍ഥം നിങ്ങള്‍ എന്റേത് എടുക്കും എന്നാണോ? ഇത് നീതിയല്ല. പ്രതികാരവും ന്യായവിധിയും രണ്ട് വ്യത്യസ്ത ആശയങ്ങളാണെന്നും വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ വധശിക്ഷ നല്‍കാമെന്ന് ബച്ചന്‍ സിംഗ് കേസില്‍ സുപ്രീംകോടതി പറഞ്ഞിരുന്നു. അതും മറ്റെല്ലാ സാധ്യതകളും സംശയാസ്പദമായി അടയുമ്പോള്‍ മാത്രമാണ്. ജീവപര്യന്തം ആളുകളെ ജയിലിലേക്ക് അയച്ചാല്‍, ഇത്തരം കുറ്റകൃത്യങ്ങളുടെ വിധി ഇതായിരിക്കുമെന്ന് സമൂഹത്തോട് പറയാന്‍ കഴിയും. എന്നാല്‍ വധശിക്ഷ നടപ്പാക്കിയാല്‍ കുറ്റകൃത്യം ആളുകള്‍ മറക്കും. നാല് പ്രതികളെയും തൂക്കിക്കൊല്ലുന്നതിലൂടെ നിര്‍ഭയയുടെ മാതാപിതാക്കള്‍ക്ക് നീതി ലഭിക്കുമെന്ന് കരുതുന്നില്ല.
കണ്ണിന് കണ്ണ് എന്ന നില ലോകത്തെ അന്ധനാക്കുമെന്ന് ഗാന്ധിജി പറഞ്ഞിരുന്നു. അതിനാല്‍ ക്രിമിനല്‍ നീതിന്യായ നടപടികള്‍ പ്രതികാരമാകാന്‍ പാടില്ല. ശിക്ഷയുടെ ലക്ഷ്യം എന്നത് ന്യായവിധി, പശ്ചാത്താപം, നവീകരണം എന്നിവയാണ്. പ്രതികളുടെ ദയാഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതി ഏതെങ്കിലും ഒരുകാര്യം വിട്ടുപോയെങ്കില്‍ അതും കണക്കിലെടുക്കേണ്ടത് രാഷ്ട്രപതിയുടേയും സര്‍ക്കാരിന്റെയും കടമയാണെന്നും കുര്യന്‍ ജോസഫ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ വാക്കുകള്‍ സമീപകാല റിപ്പോര്‍ട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ശരിയാണെന്ന് തെളിയിക്കപ്പെടുകയാണ്. ലോകത്ത് 142 രാജ്യങ്ങൾ വധശിക്ഷ നിറുത്തലാക്കുകയോ നടപ്പിൽ വരുത്താതിരിക്കുകയോ ചെയ്യുമ്പോൾ വെറും 33 രാജ്യങ്ങൾ മാത്രമാണ് കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ വധശിക്ഷ നടപ്പിലാക്കിയത് (Amnesty International, 2018). നിലവിലുള്ള കണക്കുകൾ പ്രകാരം വധശിക്ഷ നടപ്പിലാക്കുന്നതുകൊണ്ട് ഒരു രാജ്യത്തും കുറ്റകൃത്യങ്ങളിൽ യാതൊരു കുറവും സംഭവിച്ചിട്ടില്ല. മാത്രമല്ല ഇത്തരം കുറ്റകൃത്യങ്ങളിലേക്കു വഴിതെളിച്ച മറ്റു കാരണങ്ങൾ അവഗണിക്കപ്പെടുകയും, അവക്കു പിന്നിലെ സാമൂഹ്യവ്യവസ്ഥിതികൾ മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നുണ്ട്.
"നിഷ്കളങ്കരെ കൊല്ലരുത് എന്നു മാത്രമല്ല, ആരെയും കൊല്ലരുത് എന്നാണ് ദൈവത്തിന്റെ കല്പന അനുശാസിക്കുന്നത്" എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട്, വധശിക്ഷ നിറുത്തലാക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ആഗ്രഹത്തിലും ശ്രമങ്ങളിലും പങ്കുചേരാൻ ഫ്രാൻസിസ് മാർപാപ്പ രാഷ്ട്രീയ നേതൃത്വങ്ങളോട് അഭ്യർത്ഥിച്ചത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്ത നേടിയിരിന്നു. ഏതൊരു കുറ്റവാളിയെയും നിയമത്തിന്റെ മുൻപിൽ കൊണ്ടുവരേണ്ടതും, തിരുത്തലിലേക്കു നയിക്കുന്ന ശിക്ഷാവിധികൾ നടപ്പിലാക്കേണ്ടതും ഒരു രാജ്യത്തെ സാമൂഹ്യ സുരക്ഷക്ക് അത്യാവശ്യമാണ്. എന്നാൽ ഒരു മനുഷ്യന്റെ ജീവൻ നശിപ്പിക്കുവാൻ ഈ ലോകത്തിലെ നിയമ സംവിധാനങ്ങൾക്ക് അവകാശമില്ല എന്ന വസ്തുത എല്ലാവരും തിരിച്ചറിയേണ്ടതുണ്ടെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.
⧪ ⧪ 'വധശിക്ഷ' വിഷയത്തില്‍ പ്രവാചക ശബ്ദത്തിന്റെ എഡിറ്റോറിയല്‍ 'വധശിക്ഷ': അവർ പിടിക്കപ്പെട്ട കുറ്റവാളികൾ, നമ്മളോ പിടിക്കപ്പെടാത്തവരും..!
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
![](/images/close.png)