News - 2024

‘ഉർബി ഏത് ഓർബി’ ശുശ്രൂഷകൾക്ക് ഇനി മണിക്കൂറുകൾ മാത്രം: പൂര്‍ണ്ണ ദണ്ഡവിമോചനത്തിനുള്ള അവസരം

സ്വന്തം ലേഖകന്‍ 27-03-2020 - Friday

വത്തിക്കാൻ സിറ്റി: ലോകത്തെ ഗ്രസിച്ചിരിക്കുന്ന കൊറോണ മഹാമാരിയില്‍ നിന്നു മനുഷ്യകുലത്തെ രക്ഷിക്കാന്‍ ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യകാരുണ്യ ആരാധനയും ദൈവ വചനപാരായണവും ‘ഉർബി ഏത് ഓർബി’ സന്ദേശവും ഇന്ന് വത്തിക്കാനില്‍ നടക്കും. സെന്റ് പീറ്റഴ്‌സ് ബസിലിക്കയിലെ പ്രാർത്ഥനയ്ക്കും ദിവ്യകാരുണ്യ ആരാധനയ്ക്കുംശേഷം ബസിലിക്കയുടെ മട്ടുപ്പാവിൽനിന്നാണ് ‘ഊർബി എത് ഓർബി’ സന്ദേശവും ആശീർവാദവും പാപ്പ നൽകുന്നത്. വത്തിക്കാൻ സമയം വൈകിട്ട് 5.55ന് (ഇന്ത്യൻ സമയം രാത്രി 10.30) അർപ്പിക്കുന്ന ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം വത്തിക്കാന്‍ മീഡിയ തത്സമയം സംപ്രേക്ഷണം ചെയ്യും.

മലയാളം ചാനലായ ഷെക്കെയ്ന ടെലിവിഷന്‍ ഇത് ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്. ‘ശാലോം വേൾഡ്’ ചാനലും അന്താരാഷ്ട്ര തലത്തില്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. പ്രാര്‍ത്ഥനാശുശ്രൂഷയില്‍ ലോകത്തിലെ മുഴുവന്‍ വിശ്വാസികളും പങ്കെടുക്കണമെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്തു. ജനപങ്കാളിത്തമില്ലാതെ വത്തിക്കാൻ ചത്വരം ശൂന്യമായിരിക്കുമെങ്കിലും വിശേഷാൽ ‘ഊർബി എത് ഓർബി’ക്കു മുന്നോടിയായി, സെന്റ് മർസലോ ദൈവാലയത്തിലെ അത്ഭുത കുരിശുരൂപം വത്തിക്കാൻ ചത്വരത്തിൽ പ്രതിഷ്ഠിക്കുമെന്ന് ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരിന്നു. 1522ൽ പടർന്നുപിടിച്ച പ്ലേഗ് രോഗത്തിൽനിന്ന് റോമൻ ജനതയെ രക്ഷിച്ചതിലൂടെ ചരിത്രത്തിൽ ഇടംപിടിച്ച കുരിശുരൂപമാണിത്.

ദിവ്യകാരുണ്യ ആരാധനയിലും ആശീർവാദത്തിലും, ടി.വിയിലൂടെയും റേഡിയോയിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും തത്സമയം അണിചേരുന്നവർക്ക് പൂർണ ദണ്ഡവിമോചനവും പരിശുദ്ധ സിംഹാസനം പ്രഖ്യാപിച്ചിട്ടുണ്ട്. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം 'അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം'. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സി‌സി‌സി 1471 ചൂണ്ടിക്കാട്ടുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Posted by Pravachaka Sabdam on 

Related Articles »