News

പേപ്പല്‍ വസതിയില്‍ ആര്‍ക്കും കോവിഡില്ല, മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റെന്ന് ഫാ. വില്ല്യം നെല്ലിക്കൽ

സ്വന്തം ലേഖകന്‍ 29-03-2020 - Sunday

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പ താമസിക്കുന്ന സാന്താ മാർത്തയിലെ വൈദികന് ‘കോവിഡ് 19’ സ്ഥിരീകരിച്ചെന്നുമുള്ള റിപ്പോര്‍ട്ട് തെറ്റാണെന്ന് ‘വത്തിക്കാൻ ന്യൂസി’ന്റെ മലയാള വിഭാഗം തലവൻ ഫാ. വില്ല്യം നെല്ലിക്കൽ. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മലയാളം പത്രങ്ങളിലുൾപ്പെടെ വന്ന വാർത്തയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അതേസമയം ‘വത്തിക്കാൻ വിദേശകാര്യ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥൻ കൂടിയായ ഒരു വൈദികന് ‘കോവിഡ് 19′ സ്ഥിരീകരിച്ചുവെന്നത് സത്യമാണെന്നും എന്നാൽ അദ്ദേഹം പാപ്പയുമായി സമ്പർക്കം പുലർത്തുന്നയാളോ സാന്താ മാർത്തയിലെ താമസക്കാരനോ അല്ലായെന്നും ഫാ. വില്ല്യം നെല്ലിക്കൽ വ്യക്തമാക്കി.

രോഗബാധിതനായ വൈദികന്‍റെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ട്. സാന്താ മാർത്തയിൽ എന്നല്ല, വത്തിക്കാൻ കാര്യാലയങ്ങളിൽ ജോലി ചെയ്യുന്നവർ താമസിക്കുന്ന വലിയ വസതികളായ കാസ റൊമാന, ദോമോസ്, പൗളോസ് എക്‌സ്‌ദോ എന്നിവിടങ്ങളിലാരും കൊറോണാ വൈറസ് ബാധിതരല്ല. സ്‌പെയിൻ, ജർമനി എന്നിവ ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ ജോലിസംബന്ധമായ സന്ദർശനം നടത്തി തിരിച്ചെത്തിയവരെ ഇറ്റലിയുടെയും വത്തിക്കാന്റെയും നിയമപ്രകാരം ആരോഗ്യപരിശോധനകൾ നടത്തുന്നുണ്ട്. പരിശോധനകൾ നെഗറ്റീവായാൽപോലും നിശ്ചിതദിവസത്തെ നിർബന്ധിത സ്വയം നിരീക്ഷണത്തിന് അവരെ വിധേയരാക്കുന്നുണ്ടെന്നും ഫാ. നെല്ലിക്കൽ കൂട്ടിച്ചേർത്തു.

നേരത്തെ സാന്താ മാര്‍ത്തയില്‍ വൈദികന് കോവിഡ് എന്നു കാത്തലിക് ന്യൂസ് ഏജന്‍സി അടക്കമുള്ള പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ഇതിനെ ഉദ്ധരിച്ച് 'പ്രവാചക ശബ്ദം' വും ഇത്തരത്തില്‍ റിപ്പോര്‍ട്ട് വന്നിട്ടുണ്ടെന്ന് വാര്‍ത്ത നല്‍കിയിരിന്നു. എന്നാല്‍ വത്തിക്കാന്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലായെന്നും വ്യക്തമാക്കിയിരിന്നു. ഈ സാഹചര്യത്തിലാണ് വത്തിക്കാനില്‍ നിന്നു നേരിട്ടു വിശദീകരണം വന്നിരിക്കുന്നത്.


Related Articles »