Arts - 2024

വിശുദ്ധവാരത്തില്‍ 360° വിര്‍ച്വല്‍ റിയാലിറ്റിയിലൂടെ ജെറുസലേം ലോകത്തിനായി വാതില്‍ തുറക്കും

സ്വന്തം ലേഖകന്‍ 31-03-2020 - Tuesday

ജെറുസലേം: കൊറോണ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ക്ക് വിശുദ്ധ വാരത്തില്‍ സ്വന്തം ഭവനത്തില്‍ ഇരുന്നുകൊണ്ട് യേശുവിന്റെ പീഡാസഹനത്തിന്റേയും കുരിശു മരണത്തിന്റേയും ചരിത്രമുറങ്ങുന്ന ജെറുസലേമിന്റെ ഹൃദയത്തെ കണ്ടറിയുവാനുള്ള അവസരം. ഇസ്രായേലിലെ ടവര്‍ ഓഫ് ഡേവിഡ് മ്യൂസിയം തയ്യാറാക്കിയ “ഹോളി സിറ്റി” എന്ന 360° വിര്‍ച്വല്‍ ഓഗ്മെന്റഡ് ടൂറിലൂടെയാണ് ജെറുസലേമിലെ വിശുദ്ധ സ്ഥലങ്ങള്‍ വീട്ടിലിരുന്ന് തന്നെ കാണാന്‍ അവസരമൊരുങ്ങുന്നത്. ഏപ്രില്‍ 9 മുതല്‍ 24 വരെ സൗജന്യമായി ഈ സേവനം ഉപയോഗിക്കാനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

വിശുദ്ധ സ്ഥലങ്ങള്‍ നേരിട്ട് കാണുന്ന അനുഭവമാണ് വിര്‍ച്വല്‍ റിയാലിറ്റിയിലൂടെ ലഭിക്കുക. വിശുദ്ധ സ്ഥലങ്ങളുടെ ഇപ്പോഴത്തേയും, രണ്ടായിരം വര്‍ഷങ്ങള്‍ മുന്‍പ് എപ്രകാരമിരുന്നോ അതുപോലത്തേയും സന്ദര്‍ശന അനുഭവങ്ങളാണ് ഇതിലൂടെ ഒരുക്കന്നതെന്നും സംഘാടകര്‍ അവകാശപ്പെടുന്നു. ജെറുസലേമിലെ തിരുക്കല്ലറ ദേവാലയം, വെസ്റ്റേണ്‍ വാള്‍ തുടങ്ങിയ അനേകം തീര്‍ത്ഥാടന സ്ഥലങ്ങള്‍ മ്യൂസിയത്തിന്റെ ഇന്നൊവേഷന്‍ ലാബാ വിര്‍ച്വല്‍ റിയാലിറ്റി ടൂറില്‍ ലഭ്യമാക്കികൊണ്ടിരിക്കുകയാണ്. ജെറുസലേം ഡെവലപ്മെന്റ് അതോറിറ്റിയുടെ സഹായത്തോടെ, ബ്ലിമേ, ലിത്തോഡോമോസ് തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി. ഈസ്റ്റര്‍ കാലത്ത് വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ കഴിയാത്തതിന്റെ നിരാശയില്‍ കഴിയുന്ന തീര്‍ത്ഥാടകരെ സംബന്ധിച്ചിടത്തോളം ഈ വിര്‍ച്വല്‍ ടൂര്‍ പരിപാടികള്‍ ആശ്വാസമാകുമെന്നാണ് പ്രതീക്ഷയെന്ന് ടവര്‍ ഡേവിഡ് മ്യൂസിയത്തിന്റെ ഡയറക്ടറായ എയിലാത്ത് ലിബെര്‍ പറഞ്ഞു. ഓരോ വര്‍ഷവും വിശുദ്ധവാരത്തോട് അനുബന്ധിച്ച് ലക്ഷങ്ങളാണ് ഇസ്രായേലിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടിരിന്നത്.

വെബ്സൈറ്റ്: ‍ https://www.tod.org.il/en/

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »