Life In Christ

മഹാമാരിയെ നേരിടാൻ അമേരിക്കന്‍ ക്രിസ്ത്യന്‍ സംഘടന നിര്‍മ്മിച്ച ഫീല്‍ഡ് ഹോസ്പിറ്റല്‍ ആഗോള ശ്രദ്ധ നേടുന്നു

സ്വന്തം ലേഖകന്‍ 02-04-2020 - Thursday

ന്യൂയോർക്ക്: ലോകത്ത് ഏറ്റവും കൊറോണ ബാധിതരുള്ള അമേരിക്കയില്‍ ക്രിസ്ത്യന്‍ സംഘടനയായ ‘സമരിറ്റൻസ് പേഴ്‌സ്’ നിര്‍മ്മിച്ച ഫീല്‍ഡ് ഹോസ്പിറ്റല്‍ ആഗോള ശ്രദ്ധ നേടുന്നു. 83000-ല്‍ അധികം കോവിഡ് രോഗ ബാധിതരുള്ള ന്യൂയോര്‍ക്കിലാണ് നഗരത്തിന്റെ ഹൃദയഭാഗത്തുള്ള മൗണ്ട് സീനായ് ആശുപത്രിയോട് ചേർന്നു താൽക്കാലിക ആശുപത്രിക്ക് സംഘടന രൂപം നൽകിയത്. രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി കൂടുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ വേണ്ടത്ര പരിചരണം ലഭിക്കാതെ പോകുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ലോക പ്രശസ്ത വചന പ്രഘോഷകൻ ഫ്രാങ്ക്‌ലിൻ ഗ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘടന ഫീൽഡ് ഹോസ്പിറ്റൽ ഒരുക്കുവാന്‍ തീരുമാനിച്ചത്.

ആശുപത്രിയില്‍ എഴുപതോളം പേര്‍ക്ക് അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ചികിത്സ ലഭ്യമാണ്. വിദഗ്ധരായ ഡോക്ടർമാരും നഴ്‌സുമാരും ലാബ് ടെനീഷ്യൻന്മാരും ഉൾപ്പെടുന്ന പ്രൊഫഷണൽ ടീമാണ് രോഗീപരിചരണത്തിൽ വ്യാപൃതരായിരിക്കുന്നതെന്നും പരമാവധി ആളുകളെ ചികിത്സിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫ്രാങ്ക്‌ലിൻ ഗ്രഹാം പറഞ്ഞു. രോഗികൾക്കുവേണ്ടിയും മരണമടയുന്നവർക്കുവേണ്ടിയും പ്രാർത്ഥിച്ചുകൊണ്ടാണ് ഇവിടെ സന്നദ്ധ പ്രവർത്തകർ ശുശ്രൂഷചെയ്യുന്നതെന്നതും ആതുരശുശ്രൂഷകര്‍ വസ്ത്രത്തില്‍ വചനഭാഗം പതിപ്പിച്ചിട്ടുണ്ടെന്നതും ആശുപത്രിയെ വേറിട്ടതാക്കുന്നു.

വിശുദ്ധ ഗ്രന്ഥത്തിലെ നല്ല സമരിയക്കാരന്റെ ഉപമയിൽ നിന്ന് പ്രചോദനമുൾകൊണ്ട് 1970-ലാണ് നോർത്ത് കരോളിന കേന്ദ്രമാക്കി സംഘടന പ്രവർത്തനം ആരംഭിച്ചത്. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സജീവമായ സംഘടനയുടെ പ്രവർത്തനം അനേകരുടെ കണ്ണീരൊപ്പുകയാണ്. അതേസമയം ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 2219 പേരാണ് ന്യൂയോര്‍ക്കില്‍ കോവിഡ് 19 രോഗം ബാധിച്ചു മരണമടഞ്ഞിരിക്കുന്നത്. അമേരിക്കയില്‍ രോഗബാധയെ തുടര്‍ന്നു മരണമടഞ്ഞവരുടെ അന്‍പത് ശതമാനവും ന്യൂയോര്‍ക്കില്‍ നിന്നാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »