News - 2024

ഇന്ന് സഹായം നീട്ടുന്നവർക്കും നാളെ സഹായം നല്‍കാനിരിക്കുന്നവർക്കും വേണ്ടി പ്രാർത്ഥിക്കണം: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 04-04-2020 - Saturday

വത്തിക്കാന്‍ സിറ്റി: ഇന്ന് സഹായം നീട്ടുന്നവർക്കും നാളെ സഹായം നല്കുന്നതിനെക്കുറിച്ചു ചിന്തിക്കുന്നവർക്കും വേണ്ടി പ്രാർത്ഥിക്കണമെന്ന്‍ ഫ്രാന്‍സിസ് പാപ്പ. ഇന്നലെ വെള്ളിയാഴ്ച വ്യാകുല നാഥയുടെ ഓർമ്മയാചരണ ദിനത്തില്‍ സാന്ത മാര്‍ത്ത കപ്പേളയിൽ ദിവ്യബലി മധ്യേ നല്‍കിയ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പ ഇങ്ങനെ പറഞ്ഞത്. ദാരിദ്ര്യം, തൊഴിൽരാഹിത്യം എന്നിവയാണ് കൊറോണ വൈറസ് ദുരന്തത്തിന്റെ അനന്തര ഫലങ്ങളെന്നും ദുരന്താനന്തര ദുരിതങ്ങൾ മുൻകൂട്ടികണ്ടുകൊണ്ട് പരിഹാരമാർഗ്ഗങ്ങൾ ആരായുന്നതിനുള്ള ശ്രമങ്ങൾ ദീർഘവീക്ഷണത്തോടുകൂടി ഇപ്പോൾത്തന്നെ ആരംഭിക്കേണ്ടതുണ്ടെന്നും ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മിപ്പിച്ചു. നമ്മുടെ അമ്മയായ മറിയത്തിൻറെ സങ്കടങ്ങളെക്കുറിച്ച് ഇന്നു നാം ധ്യാനിക്കുക ഉചിതമാണെന്ന ആമുഖത്തോടെയായിരിന്നു പാപ്പയുടെ സന്ദേശം.

മറിയത്തിൻറെ ഹൃദയത്തിലൂടെ ഒരു വാൾ കടന്നുപോകും എന്ന് ശിമയോൻ യേശുവിൻറെ പിറവിയ്ക്കു ശേഷം 40 ദിനങ്ങൾ പിന്നിട്ട അവസരത്തിൽ പ്രവചിക്കുന്നതാണ് ദൈവമാതാവിന്റെ ഏഴു വ്യാകുലങ്ങളില്‍ ആദ്യത്തേത്. പുത്രൻറെ ജീവൻ രക്ഷിക്കുന്നതിന് ഈജിപ്തിലേക്കുള്ള പലായനം, ബാലനായ യേശുവിനെ മൂന്നു ദിവസം കാണാതാകൽ, കുരിശും ചുമന്ന് കാൽവരിയിലേക്കു പോകുന്ന യേശുവിനെ കണ്ടുമുട്ടൽ, കുരിശിൽ യേശുവിൻറെ മരണം, കുരിശിൽ നിന്നറക്കി യേശുവിൻറെ ശരീരം മടിയിൽ കിടത്തിയിരിക്കുന്നത്, യേശുവിനെ കല്ലറയിൽ സംസ്ക്കരിക്കുന്നത് എന്നിവയാണ് ഇതര വേദനകൾ.

ആ അമ്മ തനിക്കായി ഒന്നും യേശുവിനോട് ചോദിച്ചില്ല. കാനായിലെ കല്ല്യാണവേളയിലെന്ന പോലെ തന്നെ എല്ലായ്പോഴും മറ്റുള്ളവർക്കുവേണ്ടി സംസാരിച്ചത് നമ്മുക്ക് ഓര്‍ക്കാം. ഒരിയ്ക്കലും അവള്‍ പറഞ്ഞില്ല, ഞാനാണ് അവളുടെ അമ്മ. അമ്മ രാജ്ഞിയാണെന്ന് അവള്‍ ഒരിക്കലും പറഞ്ഞില്ല. അപ്പസ്തോലന്‍മാരുടെ കൂട്ടായ്മയില്‍ അവള്‍ ഒരിക്കലും പ്രധാനപ്പെട്ടത് ഒന്നും ചോദിച്ചില്ല. അമ്മയാണെന്ന് അംഗീകരിക്കുക മാത്രം ചെയ്തു. ഒരു ശിഷ്യയെ പോലെ മറ്റ് ഭക്തസ്ത്രീകളോടു ഒപ്പം യേശുവിനെ അനുഗമിക്കുകയും ശ്രവിക്കുകയുമാണെന്ന് അവള്‍ ചെയ്തതെന്ന് സുവിശേഷത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ നമ്മുടെ അമ്മയായി പരിശുദ്ധ മറിയത്തെയും കാണാമെന്നും പാപ്പ പറഞ്ഞു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »