Faith And Reason - 2025

വിശ്വാസികളുടെ തുടര്‍ച്ചയായ അഭ്യര്‍ത്ഥന: ടൂറിൻ തിരുക്കച്ച ഓണ്‍ലൈന്‍ വഴി പ്രദർശനത്തിന്

സ്വന്തം ലേഖകന്‍ 07-04-2020 - Tuesday

ടൂറിന്‍: കുരിശിലെ മരണ ശേഷം യേശുവിന്റെ ശരീരം പൊതിഞ്ഞതെന്നു വിശ്വസിക്കപ്പെടുന്ന രണ്ടായിരം വർഷം പഴക്കമുള്ള ടൂറിനിലെ തിരുകച്ച വിശ്വാസികളുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് ഈസ്റ്റർ നാളുകളിൽ ഓണ്‍ലൈന്‍ വഴി പ്രദർശനത്തിന് വയ്ക്കും. ഏപ്രിൽ 11 മുതൽ ഈസ്റ്റർ കഴിഞ്ഞു വരുന്ന വെള്ളിയാഴ്ച ദിവസം വരെ, സാമൂഹ്യ മാധ്യമങ്ങളിലൂടെയും ടെലിവിഷനിലൂടെയും വിശ്വാസികൾക്ക് കാണാൻ തക്കവിധം ടൂറിൻ തിരുക്കച്ച പൊതുദർശനത്തിന് വെയ്ക്കുമെന്ന് ടൂറിൻ ആർച്ച് ബിഷപ്പായ സിസാരേ നൊസിഗ്ലിയയാണ് പ്രഖ്യാപനം നടത്തിയത്. വിഷമകരമായ പ്രതിസന്ധിയിൽ ഉത്ഥിതനായ ക്രിസ്തുവിനോട് പ്രാർത്ഥിക്കാനായി വിശുദ്ധ വാരത്തിൽ ടൂറിൻ തിരുക്കച്ച പ്രദർശിപ്പിക്കണമെന്ന വൃദ്ധരുടെയും, യുവാക്കളുടെയും, ആരോഗ്യമുള്ളവരുടെയും, ആരോഗ്യമില്ലാത്തവരുടെയും ആവശ്യം മാനിച്ചാണ് താൻ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നതെന്ന് ടൂറിൻ ആർച്ച് ബിഷപ്പ് വ്യക്തമാക്കി.

യൂറോപ്പിൽ പ്ലേഗുണ്ടായ അവസരങ്ങളിൽ തിരുക്കച്ച പലതവണ പ്രദർശനത്തിന് വെച്ചിട്ടുണ്ട്. 1576ൽ ഇറ്റലിയിലെ മിലാനിൽ പ്ലേഗു ബാധയുണ്ടായപ്പോൾ, അന്നത്തെ ആർച്ച് ബിഷപ്പായിരുന്ന വിശുദ്ധ ചാൾസ് ബറോമിയോ, പ്ലേഗ് ബാധ അവസാനിപ്പിച്ചതിന് ദൈവത്തോടുള്ള നന്ദിപ്രകാശനമായി തിരുകച്ചയുമായി കാൽനടയായി പ്രദക്ഷിണം നടത്തുമെന്ന് പ്രതിജ്ഞ ചെയ്തു. അന്ന് ഫ്രാൻസിലായിരുന്നു തിരുക്കച്ച സൂക്ഷിച്ചിരുന്നത്. എന്നാൽ ചാൾസ് ബൊറോമിയയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ, സാവോയിയിലെ പ്രഭുവായിരുന്ന ഇമ്മാനുവൽ ഫിലിബേർട്ടോ തിരുക്കച്ച ടൂറിനിലേക്ക് മാറ്റി. ക്രിസ്തുവിന്റെ പീഡാനുഭവവും, മരണവും, ഓർമ്മിപ്പിക്കുന്ന തിരുക്കച്ചയിലെ ക്രിസ്തുവിന്റെ മുഖം ധ്യാനിക്കാനുള്ള അവസരമായി പ്രദർശനം മാറുമെന്ന് ആർച്ച് ബിഷപ്പ് സിസാരേ നൊസിഗ്ലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തിരുകച്ചയിലെ ക്രിസ്തുവിന്റെ മുഖം, ഏതുവിധ പരീക്ഷണങ്ങളെയും, പകർച്ചവ്യാധികളെയും, വേദനകളെയും അതിജീവിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. യേശുവിന്‍റെ ശരീരം പൊതിയാന്‍ ഉപയോഗിച്ച തിരുകച്ച ഇറ്റലിയിലെ ടൂറിനില്‍ സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രല്‍ ദേവാലയത്തിലും അവിടുത്തെ തലയില്‍ കെട്ടിയിരിന്ന തൂവാല, സ്പെയിനിലെ ഒവിയെസോയിലുള്ള സാന്‍ സല്‍വദോര്‍ കത്തീഡ്രലിലുമാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നത്. ഈ രണ്ട് തുണിഭാഗങ്ങളും ഒരേ ശരീരത്തില്‍ ഉപയോഗിച്ചതാണ് എന്നുള്ള ശാസ്ത്രീയ ഗവേഷണ ഫലങ്ങള്‍ 2016-ല്‍ പുറത്തുവന്നിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »