Life In Christ

ശൂന്യമായ പത്രോസിന്റെ ബസലിക്കയില്‍ സാഷ്ടാംഗം പ്രണാമം ചെയ്തുക്കൊണ്ട് പാപ്പയുടെ മൗന പ്രാര്‍ത്ഥന

സ്വന്തം ലേഖകന്‍ 11-04-2020 - Saturday

വത്തിക്കാന്‍ സിറ്റി: കൊറോണ പശ്ചാത്തലത്തില്‍ ശൂന്യമായ വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് ബസലിക്കയില്‍ സാഷ്ടാംഗ പ്രണാമം നടത്തിക്കൊണ്ടു ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ത്ഥന. ഇന്നലെ ദുഃഖവെള്ളിയാഴ്ച തിരുകര്‍മ്മങ്ങള്‍ക്കിടെ അള്‍ത്താരയില്‍ സ്ഥാപിച്ച കുരിശിനു മുന്നിലാണ് പാപ്പ പൂര്‍ണ്ണമായും സാഷ്ടാംഗം പ്രണാമം ചെയ്തുകൊണ്ട് നിശബ്ദമായി പ്രാര്‍ത്ഥിച്ചത്. ‘സാന്‍ മാര്‍സെല്ലോ അല്‍ കോര്‍സോ’ ദേവാലയത്തില്‍ നിന്നു കൊണ്ടുവന്ന ഈ കുരിശു രൂപത്തെ പതിനാറാം നൂറ്റാണ്ടിലെ മഹാമാരിയില്‍ നിന്നും റോമിനെ രക്ഷിച്ച അത്ഭുത കുരിശുരൂപമായാണ് വിശേഷിപ്പിക്കുന്നത്. പീഡാനുഭവ സ്മരണക്കും കുരിശാരാധനക്കും ശേഷം രാത്രി 9.30നോട് കൂടി (വത്തിക്കാന്‍ സമയം) കുരിശിന്റെ വഴി ശുശ്രൂഷ നടന്നു.

പതിവിന് വിപരീതമായി, റോമിലെ കൊളോസിയത്തില്‍ പതിനായിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയിരുന്ന കുരിശിന്റെ വഴി പരിഹാര പ്രദക്ഷിണം ഇക്കൊല്ലം ശൂന്യമായ സെന്റ്‌ പീറ്റേഴ്സ് സ്ക്വയറിലാണ് നടത്തിയത്. പരിഹാര പ്രദക്ഷിണത്തില്‍ വത്തിക്കാന്‍ ഹെല്‍ത്ത് സര്‍വീസിന്റെ ഭാഗമായി കൊറോണ രോഗികളെ ശുശ്രൂഷിച്ചു കൊണ്ടിരിക്കുന്ന രണ്ടു ഡോക്ടര്‍മാരും പാദുവായിലെ ജയില്‍ ചാപ്ലൈനും, പെനിറ്റെന്‍ഷ്യറി പോലീസ് ഒഫീസേഴ്സും, നേഴ്സുമാരും പങ്കെടുത്തു. കത്തിച്ച മെഴുകുതിരികളുമായി രാത്രിയില്‍ നടത്തിയ തീര്‍ത്ഥയാത്ര സെന്റ്‌ പീറ്റേഴ്സ് ബസലിക്കക്ക് ചുറ്റും നീങ്ങിയപ്പോള്‍ ബസലിക്കക്ക് പുറത്തുള്ള പടികളില്‍ നിന്നുകൊണ്ട് ഫ്രാന്‍സിസ് പാപ്പ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

പരിഹാരപ്രദക്ഷിണത്തിനിടയില്‍ സഹനം മുഖ്യപ്രമേയമാക്കിക്കൊണ്ട് ജയില്‍ അന്തേവാസി അടക്കമുള്ളവര്‍ തയ്യാറാക്കിയ പ്രത്യേക വിചിന്തനങ്ങള്‍ ഉറക്കെ വായിച്ചു. 90 മിനിട്ട് നീണ്ട പരിഹാര പ്രദക്ഷിണത്തിനൊടുവില്‍ പതിവിന് വിപരീതമായി പ്രസംഗത്തിന് പകരം, കുരിശുരൂപത്തിന് മുന്നില്‍ ഫ്രാന്‍സിസ് പാപ്പ ഏതാനും നിമിഷം തലകുനിച്ച് നിശബ്ദമായി പ്രാര്‍ത്ഥിക്കുകയാണ് ഉണ്ടായത്.

നേരത്തെ തിരുക്കര്‍മ്മങ്ങള്‍ക്ക് മുന്‍പ് ഇറ്റാലിയന്‍ സ്റ്റേറ്റ് ടി.വിയുടെ ‘ടോക് ഷോ’യില്‍ കോവിഡ്-19 സംബന്ധിച്ചു പാപ്പ സംസാരിച്ചിരിന്നു. ക്രൂശിതനായ ക്രിസ്തുവിനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് പകര്‍ച്ച വ്യാധിക്കെതിരെ പോരാടി മരിച്ച ഡോക്ടര്‍മാരേയും നേഴ്സുമാരേയും പാപ്പ സ്മരിച്ചു. തങ്ങളുടെ സ്നേഹം നമുക്ക് നല്‍കിക്കൊണ്ട് പട്ടാളക്കാരേപ്പോലെ മുന്‍നിരയില്‍ പോരാടി മരിച്ചവരാണ് അവരെന്നും പാപ്പ പറഞ്ഞു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Posted by Pravachaka Sabdam on 

More Archives >>

Page 1 of 35