Life In Christ - 2025
നിരാശപ്പെടാതെ ദൃഷ്ടി യേശുവില്‍ ഉറപ്പിക്കാം: കര്‍ദ്ദിനാള്‍ ലുഡ്‌വിഗ് മുള്ളര്‍
സ്വന്തം ലേഖകന്‍ 04-04-2020 - Saturday
റോം: പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ നിരാശപ്പെടുന്നതിനു പകരം, നമ്മുടെ ദൃഷ്ടികള്‍ യേശുവില്‍ ഉറപ്പിച്ചുകൊണ്ട് നമ്മള്‍ ദൈവത്തിന്റെ കൈകളിലാണെന്ന് വിശ്വസിക്കുകയാണ് വേണ്ടതെന്ന് വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്‍റെ മുന്‍ തലവനായ കര്‍ദ്ദിനാള്‍ ജെറാര്‍ഡ് ലുഡ്‌വിഗ് മുള്ളര്‍. നമ്മുടെ ജീവിതം നിത്യതയിലേക്ക് നീണ്ടു കിടക്കുന്നതാണെന്നും, മഹാദുരിതവും കഷ്ടതയും നിറഞ്ഞ ഈ നിമിഷങ്ങളില്‍ നിരാശപ്പെടുന്നതിനു പകരം നമ്മുടെ ജീവിതത്തിന്റെ കര്‍ത്താവും ഏകരക്ഷകനുമായ യേശുവിനോട് ചേര്‍ന്ന്‍ നില്‍ക്കുകയാണ് വേണ്ടതെന്നും മാര്‍ച്ച് 30ന് പുറത്തുവിട്ട വീഡിയോയിലൂടെ കര്‍ദ്ദിനാള്‍ മുള്ളര്‍ ഓര്‍മ്മിപ്പിച്ചു.
“എന്തെന്നാല്‍ അവിടുന്നില്‍ നാം ജീവിക്കുന്നു, ചരിക്കുന്നു, നിലനില്‍ക്കുന്നു” (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 17:28) എന്ന വചനം ഉദ്ധരിച്ച കര്‍ദ്ദിനാള്‍ നമ്മുടെ ജീവിതത്തിന്റെ ആരംഭവും അവസാനവും യേശുവിലാണെന്ന് പറഞ്ഞു. വീടുകളില്‍ ഒതുങ്ങികഴിയുന്ന ഈ പ്രത്യേക സാഹചര്യം മഹത്തായ ദൈവാനുഗ്രഹത്തിന്റെ നിമിഷമാക്കി മാറ്റുവാന്‍ അദ്ദേഹം വിശ്വാസികളെ ക്ഷണിച്ചു. വ്യക്തിപരമായ പ്രാര്‍ത്ഥനകള്‍ വഴിയും ദൈവവചനം ശ്രവിച്ചും കുരിശിന്റെ വഴിയിലെ രഹസ്യങ്ങളെക്കുറിച്ച് ധ്യാനിച്ചും ദൈവവുമായുള്ള അടുപ്പം വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിക്കണം. അനുഗ്രഹം ചൊരിയുന്ന ദൈവകരം ജനങ്ങളുടെ മേല്‍ പതിക്കുവാനും ചുറ്റുമുള്ള ഭീഷണി ഇല്ലാതാകുന്നതിനും ദൈവമാതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കുകയും ചെയ്തുകൊണ്ടാണ് കര്‍ദ്ദിനാളിന്റെ വീഡിയോ അവസാനിക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക