Life In Christ - 2025

മഹാമാരിയുടെ ദിനങ്ങളില്‍ ക്രൂശിതനായ ക്രിസ്തുവിനെ അടുത്തു വീക്ഷിക്കാം: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 06-04-2020 - Monday

വത്തിക്കാന്‍ സിറ്റി: മഹാമാരിയുടെ പിടിയില്‍ എല്ലാ രക്ഷാമാര്‍ഗ്ഗങ്ങളും പ്രത്യാശയും തകര്‍ന്ന് അടിയുകയും ചെയ്യുമ്പോള്‍ യേശു പകരുന്ന ആത്മധൈര്യം ദൈവസ്നേഹത്തിലേയ്ക്ക് ഹൃദയം തുറക്കാമെന്നും വീടുകളില്‍ ആയിരിക്കുന്ന അവസ്ഥയില്‍ ക്രൂശിതനായ ക്രിസ്തുവിനെ അടുത്തു വീക്ഷിക്കാമെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഓശാന തിരുക്കര്‍മങ്ങള്‍ക്കിടെ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. കുരിശിലെ നിസ്സഹായതയിലും ക്രിസ്തു പിതാവായ ദൈവത്തെ വിളിച്ചപേക്ഷിച്ചത് നമുക്കു മാതൃകയും പ്രത്യാശയുമാണെന്ന് വിവരിച്ച പാപ്പ, വേദനകളിലും ജീവിതവ്യഥകളിലും യേശുവിനെപ്പോലെ പിതാവായ ദൈവത്തെ വിളിച്ചപേക്ഷിക്കണമെന്നും ഓര്‍മ്മിപ്പിച്ചു.

ഇന്ന് മഹാമാരിയുടെ പിടിയില്‍ മാനവകുലം ഭീതിയോടെയാണ് ജീവിക്കുന്നത്. എല്ലാ രക്ഷാമാര്‍ഗ്ഗങ്ങളും തകരുകയും, പ്രത്യാശയും വാഗ്ദാനങ്ങളും തകര്‍ന്ന് അടിയുകയും ചെയ്യുമ്പോള്‍, യേശു പകരുന്ന ആത്മധൈര്യം ദൈവസ്നേഹത്തിലേയ്ക്ക് ഹൃദയം തുറക്കുവാനാണ്. അസ്ഥിത്വം നല്കിയ ദൈവം മാനവകുലത്തെ പരിപാലിക്കും എന്നത് പ്രത്യാശയാണ്. ഈ ഭൂമിയിലെ നമ്മുടെ അസ്ഥിത്വം ദൈവത്തെയും സഹോദരങ്ങളെയും കേന്ദ്രീകരിച്ചാകേണ്ടതുണ്ട്. ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിച്ചു ജീവിക്കണം. ഈ പുണ്യദിനങ്ങളില്‍ വീടുകളില്‍ കുടുങ്ങിയിരിക്കുമ്പോഴും ക്രൂശിതനായ ക്രിസ്തുവിനെ അടുത്തു വീക്ഷിക്കാം.

സഹോദരങ്ങളെ സ്നേഹിച്ചും പരിചരിച്ചും ജീവിക്കുന്നതിനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം. വിശിഷ്യാ വേദനിക്കുകയും ആവശ്യത്തിലായിരിക്കുകയും ചെയ്യുന്ന സഹോദരങ്ങളെക്കുറിച്ച് അവബോധമുള്ളവരായിരിക്കാം. നമ്മുടെ ഇല്ലായ്മയെക്കുറിച്ചു മാത്രം ചിന്തിച്ച് ആകുലപ്പെടാതെ മറ്റുള്ളവര്‍ക്കായി എന്തുചെയ്യാമെന്നു നാം ചിന്തിക്കണമെന്നും പാപ്പ അനുസ്മരിപ്പിച്ചു. മഹാമാരിയുടെ ദുരന്തത്തില്‍ വേദനിക്കുന്ന സഹോദരങ്ങള്‍ക്കുവേണ്ടി നിശ്ശബ്ദ സേവനം ചെയ്ത ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പരിചാരകര്‍ സന്നദ്ധസേവകര്‍ എന്നിവരെ നാം പ്രത്യേകമായി അനുസ്മരിക്കുന്നു. സഹോദരങ്ങളുടെ ജീവന്‍ രക്ഷിക്കുവാന്‍വേണ്ടി സ്വന്തം ജീവന്‍ സമര്‍പ്പിച്ചവരാണവര്‍. അവരാണ് ഈ ദുരന്തത്തിലെ വിജയികളെന്നും പാപ്പ പറഞ്ഞു. ജനപങ്കാളിത്തമില്ലാതെയാണ് ഇന്നലെ വത്തിക്കാനില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ നടന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 34