Life In Christ - 2025
ഹംഗേറിയൻ പ്രധാനമന്ത്രിയുടെ വിശുദ്ധവാര വീഡിയോ സന്ദേശം തരംഗമാകുന്നു
സ്വന്തം ലേഖകന്‍ 06-04-2020 - Monday
ബുഡാപെസ്റ്റ്: ഓശാന ഞായറായ ഇന്നലെ ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ, തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നു. നല്ലവനായ ദൈവത്തിലേക്ക് നമ്മൾ കണ്ണുകളുയർത്തുന്ന നാളുകളാണ് അടുത്ത ഒരാഴ്ച കാലമെന്നും എല്ലാ വർഷവും നമ്മൾ അങ്ങനെയാണ് ചെയ്യുന്നതെന്നും ഈ വർഷവും അങ്ങനെ തന്നെയായിരിക്കുമെന്നും വിക്ടർ ഒർബൻ കൂട്ടിച്ചേർത്തു. തൊട്ടുപിന്നാലെ ഹംഗറിയിലെ ക്രൈസ്തവ നേതാക്കൾ ഒന്നിനുപിറകെ ഒന്നായി, "സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന" ചൊല്ലുന്നതാണ് വീഡിയോ സന്ദേശത്തിൽ കാണുന്നത്.
ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ സ്ഥിതിചെയ്യുന്ന വിശുദ്ധ മത്തിയാസിന്റെ ദേവാലയത്തിൽ നിന്നും കർദ്ദിനാൾ പീറ്റർ എർദോയാണ് പ്രാർത്ഥനയ്ക്ക് തുടക്കമിടുന്നത്. പിന്നാലെ ഓർത്തഡോക്സ് സഭയുടെ നേതാക്കന്മാരും, പ്രൊട്ടസ്റ്റൻറ് സഭയുടെ നേതാക്കന്മാരും വീഡിയോയില്‍ പ്രാർത്ഥിക്കുന്നുണ്ട്. അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ നേതാവാണ് വിക്ടർ ഒർബൻ. ക്രൈസ്തവ മൂല്യങ്ങളെ കേന്ദ്രീകരിച്ചു ഭരണം നടത്തുന്ന അദ്ദേഹം യൂറോപ്പില്‍ ക്രൈസ്തവ വിശ്വാസം പുനര്‍ജീവിപ്പിക്കാന്‍ ശക്തമായി ഇടപെടുന്ന ചുരുക്കം യൂറോപ്യന്‍ നേതാക്കളില്‍ ഒരാള്‍ കൂടിയാണ്.
പീഡിത ക്രൈസ്തവരെ സഹായിക്കാനും നിരവധി പദ്ധതികൾ വിക്ടർ ഒർബന്റെ സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ തീവ്രവാദികൾ തകർത്ത നിരവധി സ്കൂളുകളും, ദേവാലയങ്ങളും ഹംഗറി ഇതിനോടകം തന്നെ പുനർനിർമ്മിച്ചു നൽകിയിട്ടുണ്ട്. 40 മില്യൺ ഡോളറാണ് ഹംഗറി പ്രസ്തുത സഹായ ദൗത്യങ്ങൾക്ക് വേണ്ടി നീക്കിവെച്ചത്.