India

കോവിഡ് 19: പാവറട്ടി തിരുനാൾ ചടങ്ങുകൾ മാത്രമാക്കി

സ്വന്തം ലേഖകന്‍ 17-04-2020 - Friday

തൃശൂർ: വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രമായ പാവറട്ടി സെന്‍റ് ജോസഫ് ദേവാലയത്തിലെ തിരുന്നാൾ, ചടങ്ങുകൾ മാത്രമാക്കി. കോവിഡ് 19 ലോക്ക് ഡൌൺ നീട്ടിയ സാഹചര്യത്തിൽ 2020 മെയ്‌ 2, 3 തീയതികളിൽ നടത്താനിരുന്ന തിരുനാൾ ആഘോഷമാണ് ഭരണകൂട നിർദേശങ്ങൾ പാലിക്കാനായി ഒഴിവാക്കിയത്.

സഭാധികാരികളുടെയും പള്ളികമ്മിറ്റിയുടെയും തീരുമാനപ്രകാരം ജനപങ്കാളിത്തത്തോടെയുള്ള ദിവ്യബലി ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ എല്ലാ ചടങ്ങുകളും തത്സമയം സാൻജോസ് വോയിസ്‌ യൂട്യൂബ് ചാനൽ വഴിയും ടി സി വി ചാനൽ വഴിയും വിശ്വാസികൾക്ക് കാണാനും പങ്കെടുക്കാനും അവസരമൊരുക്കിയതായി ഇടവക വികാരി റവ.ഫാ. ജോൺസൻ ഐനിക്കൽ അറിയിച്ചു.

മെയ്‌ രണ്ട് ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് ദിവബലി, ലദീഞ്ഞ്, കൂടുതുറക്കൽ ശുശ്രുഷയും മെയ്‌ മൂന്നിന് രാവിലെ പത്തുമണിക്ക് ആഘോഷമായ ദിവ്യബലി, തിരുന്നാൾ സന്ദേശം, ലദീഞ്ഞ്, നൊവേനയും നടത്തപ്പെടും. കോവിഡ് മുൻകരുതലിന്റെ ഭാഗമായി തിരുന്നാൾ ദിനങ്ങളിൽ പള്ളിയിലും പരിസരങ്ങളിലും ജനസാന്നിധ്യം അനുവദിക്കുന്നതല്ലായെന്ന് ദേവാലയ നേതൃത്വം പ്രത്യേകം അറിയിച്ചിട്ടുണ്ട്.


Related Articles »