Arts - 2025
ഒരു വര്‍ഷത്തിന് ശേഷം നോട്രഡാം കത്തീഡ്രലില്‍ മണി മുഴങ്ങി
സ്വന്തം ലേഖകന്‍ 17-04-2020 - Friday
പാരിസ്: പാരീസിലെ ചരിത്ര പ്രസിദ്ധമായ നോട്രഡാം കത്തീഡ്രല്‍ അഗ്നിക്കിരയായതിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ ദേവാലയത്തിലെ പ്രസിദ്ധമായ മണികള്‍ വീണ്ടും മുഴങ്ങി. തീപിടുത്തത്തിന്റെ വാര്‍ഷിക ദിനമായ ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 8 മണിക്കാണ് ദേവാലയത്തിന്റെ ബോര്‍ഡണ്‍ മണികള്‍ മുഴങ്ങിയത്. ഒരു വര്‍ഷത്തിനു ശേഷം വന്ന അപൂര്‍വ്വ അവസരത്തെ പള്ളിയുടെ പുനര്‍നിര്‍മ്മാണത്തിനും, കൊറോണക്കെതിരെ പോരാടിക്കൊണ്ടിരിക്കുന്നവര്‍ക്കും അഭിവാന്ദ്യം അര്‍പ്പിക്കുവാനുള്ള അവസരം കൂടിയായി ഫ്രഞ്ച് ജനത മാറ്റി.
അഗ്നിബാധയെ തുടര്‍ന്നുണ്ടായ വിഷാംശം കലര്‍ന്ന ഈയത്തില്‍ നിന്നും സംരക്ഷണം തേടി പ്രത്യേക സുരക്ഷാവസ്ത്രങ്ങള്‍ അണിഞ്ഞാണ് മൂന്നു പേര്‍ ചേര്‍ന്ന് 5 മിനിറ്റോളം പള്ളിമണികള്‍ മുഴക്കിയത്. മണികള്‍ മുഴങ്ങിയപ്പോള്‍ കൊറോണ രോഗികളെ ശുശ്രൂഷിക്കുന്ന വൈദ്യശാസ്ത്ര രംഗത്ത് സേവനം ചെയ്യുന്നവരെ സ്മരിച്ച് തങ്ങളുടെ ഭവനത്തിന്റെ ബാല്‍ക്കണികളിലും, ജനലുകൾക്ക് അരികിലും നിന്ന് പാരിസ് ജനത അഭിവാന്ദ്യമർപ്പിച്ചു. 2019 ഏപ്രില്‍ 15ന് തീപിടുത്തമുണ്ടായതിന് ശേഷം ഇതാദ്യമായാണ് ഈ ഭീമന്‍ മണി മുഴങ്ങുന്നത്.
ലോകത്തെയാകെ ഞെട്ടിച്ച തീപിടുത്തത്തില്‍ 850 വര്‍ഷങ്ങളോളം പഴക്കമുള്ള കത്തീഡ്രലിന്റെ മേല്‍ക്കൂരയും, ഗോപുരവും കത്തിയമര്‍ന്നിരിന്നു. ദേവാലയത്തിന്റെ പുനരുദ്ധാരണം, കഠിനമായ പ്രതിസന്ധികള്‍ മറികടന്നുകൊണ്ടുള്ള ഫ്രഞ്ച് ജനതയുടെ പുനഃസ്ഥാപനത്തിന്റെ പ്രതീകമാകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ പ്രസ്താവിച്ചു. ദേവാലയം അഗ്നിക്കിരയായതിനെ തുടര്‍ന്ന്‍ സങ്കടത്തിലായ ഫ്രഞ്ച് ജനതയുടെ ദുഃഖത്തില്‍ ഫ്രാന്‍സിസ് പാപ്പ അടക്കമുള്ള ലോക നേതാക്കള്‍ പങ്കുചേര്‍ന്നിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക