News - 2024

ഈസ്റ്റര്‍ ആക്രമണത്തിന് നാളെ ഒരാണ്ട്: പ്രാര്‍ത്ഥനയ്ക്കും മൗനാചരണത്തിനും ശ്രീലങ്കന്‍ സഭ

സ്വന്തം ലേഖകന്‍ 20-04-2020 - Monday

കൊളംബോ: കഴിഞ്ഞ വര്‍ഷത്തെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനമായ നാളെ, ജീവൻ പൊലിഞ്ഞവരെ അനുസ്മരിച്ച് ശ്രീലങ്കന്‍ സഭ പ്രാര്‍ത്ഥനയും മൗനാചരണവും നടത്തും. കൊളംബോ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാൽക്കം രഞ്ജിത്താണ് മൗനാചരണത്തിനും പ്രാര്‍ത്ഥനക്കും ആഹ്വാനം നല്‍കിയത്. പ്രാദേശികസമയം രാവിലെ 8.45-ന് മൗനാചരണം ആരംഭിക്കുകയും വിശ്വാസികള്‍ വിളക്കോ മെഴുകുതിരിയോ ഭവനങ്ങളിൽ കൊളുത്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്നു അദ്ദേഹം നിർദ്ദേശിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ദേവാലയ ശുശ്രൂഷകളില്‍ നേരിട്ടുള്ള പങ്കാളിത്തമില്ലാത്തതിനാല്‍ ഭീകരാക്രമണത്തിനു ഇരകളായവർക്കു വേണ്ടിയുള്ള അനുസ്മരണച്ചടങ്ങുകളിൽ ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെ പങ്കുചേരാമെന്നും കർദ്ദിനാൾ മാൽക്കം രഞ്ജിത്ത് ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ ദിനമായ ഏപ്രില്‍ 21നു മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും ആഡംബര ഹോട്ടലുകളിലും ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണങ്ങളില്‍ 258 പേര്‍ക്കാണ് ജീവന്‍ നഷ്ട്ടപ്പെട്ടത്. അഞ്ഞൂറോളം പേര്‍ക്കു പരിക്കേറ്റിരിന്നു. സെന്റ് ആന്റണീസ് ദേവാലയത്തിലും നെഗംബോ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലും ബട്ടിക്കലോവയിലെ സിയോന്‍ ചര്‍ച്ചിലും മൂന്ന് ആഡംബര ഹോട്ടലുകളിലുമാണ് ചാവേര്‍ ആക്രമണം നടന്നത്. തുടര്‍ ഭീഷണികളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ പരസ്യ ബലിയര്‍പ്പണം താത്ക്കാലികമായി നിര്‍ത്തിവെച്ചിരിന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പിന്നീട് ഇസ്ലാമിക് സ്റ്റേറ്റ്സ് ഏറ്റെടുത്തു. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ കൂട്ടക്കൊല നടത്തിയവരോട് ക്രൈസ്തവ സമൂഹം ക്ഷമിക്കുന്നതായി ആര്‍ച്ച് ബിഷപ്പ് മാൽക്കം രഞ്ജിത്ത് പ്രസ്താവിച്ചിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »